police
കൊല്ലം പ്രാക്കുളത്ത് മൂന്ന് പേർ ഷോക്കേറ്റ് മരിച്ച വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു

കൊല്ലം: പ്രാക്കുളം എൻ.എസ്.എസ് സ്കൂളിന് സമീപം ദമ്പതികളും അയൽവാസിയും ഷോക്കേറ്റ് മരിച്ചു. തൃക്കരുവ കാഞ്ഞാവെളി തെക്കേച്ചേരി സന്തോഷ് ഭവനിൽ സന്തോഷ് (45), ഭാര്യ റംലത്ത് (42), അയൽവാസി പ്രാക്കുളം വിളയിൽ വീട്ടിൽ കടപ്പായിൽ ശ്യാംകുമാർ (35) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി 9.45നാണ് സംഭവം. കുളിമുറിയിൽ പോയി വന്ന റംലത്ത് തെന്നിവീണപ്പോൾ വെപ്രാളത്തിൽ അടുത്തുള്ള ഇലക്ട്രിക്ക് വയറിൽ കയറിപ്പിടിക്കുകയായിരുന്നു. റംലത്തിനെ രക്ഷിക്കാൻ ശ്രമിക്കവേ ഭർത്താവ് സന്തോഷിനും ഷോക്കേറ്റു. ഇവരുടെ മക്കളായ ആതിര, അശ്വതി, അഖില എന്നിവർ സംഭവം കണ്ട് ബഹളം വെച്ചതോടെ വാടകയ്ക്ക് താമസിക്കുന്ന അയൽവാസിയായ ശ്യാംകുമാർ ഒാടിയെത്തി. ഇവരെ രക്ഷപ്പെടുത്താൻ ശ്രമിക്കവേ അദ്ദേഹത്തിനും ഷോക്കേറ്റു.

പ്ലൈവുഡ് ഉപയോഗിച്ച് നിർമ്മിച്ച വീട്ടിൽ വാടകയ്ക്കാണ് ദമ്പതികൾ താമസിച്ചിരുന്നത്. സംഭവസ്ഥലത്ത് വച്ചുതന്നെ മൂന്നുപേരും മരിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അഞ്ചാലുംമൂട് പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിൽ. ശ്യാംകുമാറിന്റെ ഭാര്യ: പ്രസീത. മക്കൾ: സജിത്ത്, സുജിത്ത്.