bv
ഓച്ചിറ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഓച്ചിറക്കളി

തഴവ: ആളും ആരവവും മത്സരപ്രകടനങ്ങളുമില്ലാതെ കളരിവിളക്കിനെയും കളിക്കണ്ടത്തെയും സാക്ഷിയാക്കി ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ ഓച്ചിറക്കളിക്ക് തുടക്കമായി. മിഥുനത്തിലെ ഉച്ചത്തോർച്ചയ്ക്ക് മദ്ധ്യാഹ്നസൂര്യന് താഴെ പതിനായിരങ്ങളെ സാക്ഷിയാക്കി അരങ്ങേറിയിരുന്ന ഓച്ചിറക്കളി സർക്കാർ നിർദേശത്തെ തുടർന്ന് ഇക്കൊല്ലവും പ്രതീകാത്മകമായാണ് സംഘടിപ്പിച്ചത്.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ അലങ്കരിച്ച ക്ഷേത്ര നന്ദികേശൻമാരുടെ അകമ്പടിയോടെ യോദ്ധാക്കൾ അങ്കത്തുണ തേടിയിറങ്ങി. സാധാരണഗതിയിൽ ഘോഷയാത്രയായി നടന്നിരുന്ന ചടങ്ങ് കൊവിഡ് വ്യാപനത്തെ തുടർന്ന് ഇത്തവണയും ആചാരത്തിലൊതുങ്ങി. ഗണപതിത്തറ, പ്രധാന ആൽത്തറകൾ എന്നിവിടങ്ങളിൽ പ്രദക്ഷിണത്തിന് ശേഷം കർപ്പൂരം നിറച്ച് കളരിവിളക്ക് തെളിച്ചെങ്കിലും ആരതിയുഴിയാൻ കളരിസംഘങ്ങളോ കാഴ്ചക്കാരോ ഉണ്ടായിരുന്നില്ല.

പത്ത് യോദ്ധാക്കൾ മാത്രമാണ് കളിക്കിറങ്ങിയത്. കരക്കളി പൂർത്തിയായതോടെ കരനാഥൻമാർ വെട്ടുകണ്ടത്തിലിറങ്ങി കരപറഞ്ഞ് ഹസ്തദാനം നടത്തി. ശേഷം യോദ്ധാക്കൾ തമ്മിൽ ആയുധംമുട്ടി പിരിഞ്ഞതോടെ ഇന്നലത്തെ ചടങ്ങുകൾക്ക് തിരശീല വീണു. ഇന്നുകൂടി പ്രതീകാത്മക ഏറ്റുമുട്ടൽ നടത്തുന്നതോടെ ഓച്ചിറക്കളി സമാപിക്കും.

ക്ഷേത്ര ഭരണസമിതി സെക്രട്ടറി കളരിക്കൽ ജയപ്രകാശ്, പ്രസിഡന്റ് പ്രൊഫ. ശ്രീധരൻപിള്ള എന്നിവർ ഉൾപ്പടെ പരിമിതമായ അംഗങ്ങൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ അർ. പ്രകാശിന്റെ നേതൃത്വത്തിൽ ശക്തമായ നിയന്ത്രണമാണ് പടനിലത്ത് ഏർപ്പെടുത്തിയിരുന്നത്.