കൊട്ടാരക്കര: വൃദ്ധനായ വ്യാപാരിയെ വനിതാ എസ്.ഐയും സംഘവും കൈയ്യേറ്റം ചെയ്തതായും കടയിലെ സാധനങ്ങൾ നശിപ്പിച്ചതായും പരാതി. കൊട്ടാരക്കര തൃക്കണ്ണമംഗൽ സ്വദേശി കെ.ബാബുവിന്(67) നേരെയായിരുന്നു കൈയ്യേറ്റം . കർഷകനായിരുന്ന ബാബു ശാരീരിക ബുദ്ധിമുട്ടുകളുള്ളതിനാൽ അടുത്തകാലത്താണ് തൃക്കണ്ണമംഗലിൽ പച്ചക്കറി വ്യാപാരം തുടങ്ങിയത്. ബാബു കടയിൽ നിന്നപ്പോൾ മാസ്ക് ശരിയായ രീതിയിൽ ധരിച്ചിരുന്നില്ല. ഇതിനെത്തുടർന്ന് സെക്ടറൽ മജിസ്ട്രേറ്റ് പിഴയൊടുക്കാൻ നോട്ടീസ് നൽകിയെങ്കിലും പിഴ അടയ്ക്കാൻ ബാബു തയ്യാറായില്ല. പൊലീസ് ഉദ്യോഗസ്ഥർ പിഴയൊടുക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ബാബുവിനെ സമീപിച്ചുവെങ്കിലും തയ്യാറാകാതെ വന്നതോടെയാണ് വനിതാ എസ്.ഐ ഇവിടെയെത്തിയത്. വനിതാ എസ്.ഐ തന്നെ കടയിൽവച്ച് പിടിച്ചുതള്ളുകയും കൈ പിടിച്ച് തിരിക്കുകയും അസഭ്യം പറയുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തെന്നാണ് ബാബുവിന്റെ പരാതി. ഇത് സംബന്ധിച്ച് റൂറൽ എസ്.പിയ്ക്ക് പരാതി നൽകുകയും അവശനിലയിലായ ബാബുവിനെ പിന്നീട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ പൊലീസുകാരോട് ബാബുവാണ് അപമര്യാദയായി പെരുമാറിയതെന്നാണ് പൊലീസിന്റെ വാദം. ഇത് സംബന്ധിച്ച വീഡിയോ ദൃശ്യങ്ങളും ഉദ്യോഗസ്ഥരുടെ പക്കലുണ്ട്.