കൊല്ലം: ട്രോളിംഗ് നിരോധനം ആരംഭിച്ച സാഹചര്യത്തിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ഒറ്റ, ഇരട്ട അക്ക നമ്പരുകളുടെ അടിസ്ഥാനത്തിൽ മത്സ്യബന്ധനത്തിന് പോകണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ട്രോളിംഗ് നിരോധനസമയം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ മത്സ്യം ലഭിക്കുന്ന അവസരമാണ്. ഈ സാഹചര്യത്തിൽ തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടാതെ എല്ലാ ദിവസവും എല്ലാ പരമ്പരാഗത യാനങ്ങൾക്കും മത്സ്യബന്ധനത്തിനും വിപണനത്തിനുമുള്ള സൗകര്യം ലഭ്യമാക്കണം. ആവശ്യമായ ജീവനക്കാരെയും പൊലീസിനെയും വിന്യസിച്ച് മത്സ്യബന്ധനവും വിപണനവും സുരക്ഷിതവും കാര്യക്ഷമവുമാക്കണമെന്നും യൂണിയൻ ജില്ലാ പ്രസിഡന്റ് എച്ച്. ബെയ്സിലാൽ, സെക്രട്ടറി എ. അനിരുദ്ധൻ എന്നിവർ ആവശ്യപ്പെട്ടു.