സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു
ചവറ: സംസ്ഥാന സർക്കാരിന്റെ 'ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി ഒരേക്കറിൽ പച്ചക്കറി വിളയിക്കാൻ കേരളാ മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെ.എം.എം.എൽ). ജില്ലാ കൃഷി വകുപ്പിന്റെയും ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും സഹകരണത്തോടെ കമ്പനി ഗസ്റ്റ് ഹൗസ് പരിസരത്താണ് കൃഷിയിറക്കുന്നത്.
കമ്പനി ജീവനക്കാർ അംഗങ്ങളായ അഗ്രികൾച്ചർ കമ്മിറ്റി കൃഷിയുടെ മേൽനോട്ടം വഹിക്കും. തക്കാളി, പച്ചമുളക്, പയർ, വെണ്ട, വഴുതന തുടങ്ങിയവയും ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കിഴങ്ങുവർഗങ്ങളുമാണ് കൃഷിചെയ്യുന്നത്. മഞ്ഞൾ, ഇഞ്ചി എന്നിവയും വളർത്തും. ഗസ്റ്റ് ഹൗസ് വളപ്പിൽ തന്നെയുള്ള മിയാവാക്കി ഫ്രൂട്ട് ഗാർഡനിലെ ഫലങ്ങൾ വിളവെടുപ്പിന് പാകമായിട്ടുണ്ട്. ഇതിനുപുറമെ ഔഷധ ഉദ്യാനവും മിയാവാക്കി വനവും ഒരുക്കാനും അധികൃതർ ലക്ഷ്യമിടുന്നുണ്ട്.
സുജിത് വിജയൻപിള്ള എം.എൽ.എ ആദ്യ തൈനട്ട് ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നിർവഹിച്ചു. മത്സ്യഫെഡ് ഡയറക്ടർ ബോർഡംഗം ടി. മനോഹരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ജില്ലാ പഞ്ചായത്ത് അംഗം സി.പി, സുധീഷ്കുമാർ, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഷമി, പഞ്ചായത്ത് അംഗം ആർ. ഷീല, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മോഹൻ ശങ്കർ, ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം അസി. പ്രൊഫസർ ലേഖ, പി.കെ. ഗോപാലകൃഷ്ണൻ, കൊന്നയിൽ രവി, കെ.എം.എം.എൽ ജനറൽ മാനേജർ വി. അജയകൃഷ്ണൻ, ഉദ്യോഗസ്ഥരായ ജി. ഷൈലകുമാർ, പി.കെ. മണിക്കുട്ടൻ, റോബി ഇടിക്കുള, വിജയകുമാർ, മനോജ്, എൻ.കെ. അനിൽകുമാർ, ഐ.കെ. ഷാജു, സജിത്, ഇംതിയാസ്, മനോജ്, അരുൺ ബി. കുമാർ, അനിൽകുമാർ, അഗ്രികൾച്ചർ നോഡൽ ഓഫീസർ എ.എം. സിയാദ് കമ്മിറ്റി അംഗങ്ങളായ ധനേഷ്, ശ്രീജിത്ത്, അനൂപ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കാർഷിക പെരുമ
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 7.5 ഏക്കറിൽ നേരത്തെ ജൈവകൃഷി നടത്തി മാതൃകയായ സ്ഥാപനമാണ് കെ.എം.എം.എൽ. വിളവെടുത്ത വിഭവങ്ങൾ പൊതുജനങ്ങൾക്ക് സൗജന്യമായി നൽകുകയായിരുന്നു. കൂടാതെ 'തളിർ' എന്ന ബ്രാൻഡിൽ അരിയും മഞ്ഞൾപ്പൊടിയും പുറത്തിറക്കിയിട്ടുണ്ട്. കെ.എം.എം.എല്ലിന്റെ നേതൃത്വത്തിൽ മത്സ്യക്കൃഷിയും വിജയകരമായി പുരോഗമിക്കുകയാണെന്ന് മാനേജിംഗ് ഡയറക്ടർ ജെ. ചന്ദ്രബോസ് പറഞ്ഞു.