കൊട്ടാരക്കര : നെടുവത്തൂർ പൊങ്ങൻപാറ ടൂറിസം പദ്ധതി പൂർത്തിയായേക്കും. ജൈവവൈവിദ്ധ്യ സർക്യൂട്ടിൽ പൊങ്ങൻപാറയും ചേർക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ സൂചന നൽകി. നെടുവത്തൂർ വെൺമണ്ണൂർ പൊങ്ങൻപാറയിലാണ് ആറ് വർഷം മുമ്പ് വിനോദ സഞ്ചാര പദ്ധതി ലക്ഷ്യമിട്ടത്. ഉയർന്നതും പരന്നതുമായ പാറപ്പുറം മനോഹരമാക്കി സഞ്ചാരികളെ ആകർഷിക്കാനാണ് പദ്ധതി ലക്ഷ്യം വച്ചത്. 49 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. തീർത്തും ഗ്രാമീണ അന്തരീക്ഷത്തിലേക്ക് ടൂറിസം പദ്ധതിയെത്തുന്നത് വലിയ പ്രതീക്ഷയോടെയാണ് നാട് കാത്തിരുന്നത്. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും പദ്ധതി യാഥാർത്ഥ്യമായില്ല. നിർമ്മാണ ജോലികൾ പാതിവഴിയിൽ നിലയ്ക്കുകയും ചെയ്തു. പിന്നീട് സാമൂഹ്യ വിരുദ്ധരുടെ താവളമായി ഇവിടം മാറി. രണ്ട് ജൈവ വൈവിദ്ധ്യ സർക്യൂട്ടുകൾക്കായി 50 കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഇതിൽ കൊട്ടാരക്കര മീൻപിടിപ്പാറ ടൂറിസം പദ്ധതിയും മുട്ടറ മരുതിമലയും അഷ്ടമുടി കായലുമൊക്കെയാണ് ഉൾപ്പെട്ടിരുന്നത്. ഇതിനൊപ്പം പൊങ്ങൻപാറയും കൂട്ടിച്ചേർക്കുന്നതോടെ ടൂറിസം സാദ്ധ്യതകൾ വളരും. വാർഡ് മെമ്പറും മുൻ ടൂറിസം പ്രൊമോഷൻ കൗൺസിൽ അംഗവുമായ എൻ.ജയശ്ചന്ദ്രനും പി.എൻ.പണിക്കർ ഫൗണ്ടേഷൻ താലൂക്ക് സെക്രട്ടറി ബി.എസ്.ഗോപകുമാറും കഴിഞ്ഞദിവസം മന്ത്രി കെ.എൻ.ബാലഗോപാലിനെ കണ്ട് പൊങ്ങൻപാറയുടെ സാദ്ധ്യതകൾ ബോദ്ധ്യപ്പെടുത്തിയിരുന്നു. നേരത്തെ തന്നെ പൊങ്ങൻപാറയും കൂട്ടിച്ചേർക്കാൻ ധാരണയുണ്ടെന്നാണ് ഇവർക്ക് മന്ത്രി നൽകിയ ഉറപ്പ്.
പാറക്കെട്ടുകളിലെ വിസ്മയം
പാറക്കെട്ടുകളാണ് പൊങ്ങൻപാറയുടെ സൗന്ദര്യം. ദൂരക്കാഴ്ചകളും കുളിർകാറ്റുമൊക്കെയായി ആസ്വാദകർക്ക് ഏറെ ഇഷ്ടമാകുമിവിടം. പാറയുടെ മുകളിലേക്ക് നടന്നുകയറാൻ പടവുകളൊരുക്കിയിട്ടുണ്ട്. വിശ്രമിക്കാൻ മണ്ഡപവും നിർമ്മിച്ചു. വലിയ വികസന പദ്ധതികൾ എത്തിയാൽ മാത്രമേ ഇവിടെ തെളിയുകയുള്ളൂ.
അടിസ്ഥാന സൗകര്യങ്ങളെത്തണം
പൊങ്ങൻപാറ ടൂറിസം പദ്ധതിയ്ക്കായി ലക്ഷങ്ങൾ ചെലവിട്ടെങ്കിലും ശ്രദ്ധിക്കപ്പെടുംവിധം ഒന്നും നിർമ്മിച്ചിട്ടില്ല. റോഡ്, കവാടം, കുഴൽക്കിണർ, സൗരോജ വിളക്കുകൾ, ഇരിപ്പിടങ്ങൾ, പൂന്തോട്ടങ്ങൾ, കളിക്കോപ്പുകൾ, വിശ്രമ കേന്ദ്രങ്ങൾ, ഭക്ഷണശാല എന്നിവയൊക്കെ ഇവിടെ വരണം.