കൊല്ലം: നീണ്ട 38 ദിവസത്തെ ഇടവേളയ്ക്ക് ശേഷം നഗരത്തിലെ സിഗ്നലുകൾ വീണ്ടും മിഴിതുറന്നു. ലോക്ക് ഡൗൺ ആരംഭിച്ച മെയ് 8നാണ് സിഗ്നലുകൾ ഓഫാക്കിയത്. ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വന്നില്ലെങ്കിലും സിഗ്നൽ ലൈറ്റുകളുടെ പ്രവർത്തനക്ഷമതയിൽ എന്തെങ്കിലും തകരാറുകൾ സംഭവിച്ചിട്ടോയെന്ന് മനസിലാക്കുന്നതിന്റെ ഭാഗമായാണ് സിഗ്നലുകൾ പ്രവർത്തിപ്പിച്ചത്.
ഗതാഗതം സാധാരണനിലയിലായിട്ടില്ലെങ്കിലും സിഗ്നലുകൾ പതിവുപോലെ പ്രവർത്തിപ്പിക്കുകയായിരുന്നു. നാളെ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരുന്നതോടെ വാഹനത്തിരക്ക് കൂടാനാണ് സാദ്ധ്യത. ഇതോടെ സിഗ്നലുകൾ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടിവരും. ലോക്ക് ഡൗൺ കാലയളവിൽ ബൈപ്പാസിലെ സിഗ്നൽ ലൈറ്റുകൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ഇന്നും നഗരത്തിലുള്ള എല്ലാസിഗ്നൽ ലൈറ്റുകളും പൂർണമായി പ്രവർത്തിക്കും.
ജംഗ്ഷൻ അലർട്ട് സിഗ്നൽ ഓണാക്കിയില്ല
ഗതാഗത നിയന്ത്രണത്തിനുള്ള സിഗ്നൽ ലൈറ്റുകൾ ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചെങ്കിലും ജംഗ്ഷനുകളിലെ അലർട്ട് സിഗ്നൽ ലൈറ്റുകൾ ഇതുവരെ ഓണാക്കിയിട്ടില്ല. വരും ദിവസങ്ങളിൽ അവയുടെ പ്രവർത്തനക്ഷമത പരിശോധിക്കും. തുടർന്ന് തകരാറുകളുണ്ടെങ്കിൽ പരിഹരിക്കും.
നഗരത്തിലെ സിഗ്നലുകൾ
1. ഹൈസ്‌കൂൾ ജംഗ്ഷൻ
2. താലൂക്ക് കച്ചേരി,
3. ചിന്നക്കട
4. കടപ്പാക്കട
5. കപ്പലണ്ടി മുക്ക്
ബൈപാസിൽ
1. ആൽത്തറമൂട്
2. കടവൂർ
3. അയത്തിൽ
4. മേവറം