കടയ്ക്കൽ : ഇളമാട് കാരാളികോണം അബീഷ് മൻസിലിൽ അബീസിനെ(29) കണ്ണിന് കുത്തി പരിക്കേൽ‌പ്പിച്ച കേസിലെ രണ്ടാം പ്രതി കാരാളികോണം, ഇലവും മൂട് മേവരത്ത് നെടിയവിള പുത്തൻ വീട്ടിൽ മത്തായി എന്ന് വിളിക്കുന്ന അബ്ദുൾ സലാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. 4ന് വൈകിട്ട് 4.30 മണിയോടു കൂടിയായിരുന്നു സംഭവം നടന്നത്. ടിപ്പർ ലോറി ജീവനക്കാരായ രണ്ട് പേരും തമ്മിൽ ലോറി ഓട്ടത്തെ തുടർന്ന് തർക്കമുണ്ടായി. കാരാളികോണം ചിറമുക്കിന് സമീപം ബൈക്കിലെത്തിയ അബീസിനെ തടഞ്ഞ് നിറുത്തി കുത്തി പരിക്കേൽപിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ രണ്ടാം പ്രതിയെ കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരം കൂനം എന്ന സ്ഥലത്ത് നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയെ നേരത്തെ ചടയമം​ഗലം പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.