ശാസ്താംകോട്ട: ദേവസ്വം ബോർഡ് കോളേജ് പരിസരത്തും ശാസ്താംകോട്ട ടൗണിലും വാനരന്മാർ ക്രമാധീതമായി പെരുകുന്നത് നാട്ടുകാരെ പ്രതിസന്ധിയിലാക്കുന്നു. ശാസ്താംകോട്ടയിൽ രണ്ടു തരം കുരങ്ങുകളാണുള്ളത്, ശാസ്താംകോട്ട ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര പരിസരത്ത് താമസിക്കുന്ന അമ്പല കുരങ്ങുകളും അതിൽ നിന്ന് പുറത്തു പോയ ചന്തകുരങ്ങുകളുമാണുള്ളത്.
അമ്പലകുരങ്ങുകൾ
നൂറോളം വരുന്ന അമ്പല കുരങ്ങുകളുടെ ഭക്ഷണത്തിനായി കന്നിമേലഴികത്ത് ബാലചന്ദ്രൻ പിള്ളയും ദേവസ്വം ബോർഡും സംയുക്തമായി സ്ഥിര നിക്ഷേപം നടത്തുകയും അതിന്റെ പലിശയായി ലഭിക്കുന്ന തുക കുരങ്ങിന്റെ ഭക്ഷണത്തിനായി ഉപയോഗിക്കുകയുമായിരുന്നു. അമ്പലകുരങ്ങുകൾക്ക് ഭക്ഷണം തികയുന്നില്ലെന്ന ആക്ഷേപം ഉയർന്നതോടെ അമ്പലകുരങ്ങുകളുടെ ഭക്ഷണത്തിന്റെ ചുമതല ദേവസ്വം പ്രചാര സഭ ഏറ്റെടുത്തിരുന്നു. ക്ഷേത്രത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ട കുരങ്ങുകളുടെ സംരക്ഷണത്തിന് ദേവസ്വം ബോർഡ് മുൻകൈയെടുത്ത് പ്രത്യേക പദ്ധതികൾ രൂപീകരിക്കണമെന്നാണ് ഭക്തരുടെ ആവശ്യം.
ചന്ത കുരങ്ങുകൾ * * *
ഏകദേശം 150 ചന്ത കുരങ്ങുകളുണ്ട്. ശാസ്താംകോട്ടയിലും പരിസരത്തും ഇവരുടെ ശല്യം രൂക്ഷമാണ്. കൃഷി നശിപ്പിക്കുക,കാർഷിക വിളകൾ ഭക്ഷിക്കുക, വാട്ടർ ടാപ്പുകൾ നശിപ്പിക്കുക , വീടിനുള്ളിൽ കടന്ന് ആഹാര സാധനങ്ങൾ കവർന്നു തിന്നുക തുടങ്ങി നിരവധി പരാതികളാണ് പരിസരവാസികൾ പറയുന്നത്. ശാസ്താംകോട്ട ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലും കൂട്ടമായെത്തി ഭക്ഷണ സാധനങ്ങൾ എടുക്കുന്നതും പതിവാണ്.
ഭക്ഷണമൊരുക്കി ഡി.വൈ.എഫ്.ഐ
ലോക്ക് ഡൗൺ തുടങ്ങിയതു മുതൽ ഡി.വൈ.എഫ്.ഐ കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാനരന്മാർക്ക് ഭക്ഷണം നൽകുന്നുണ്ട്. കഴിഞ്ഞ ലോക്ക്ഡൗണിൽ 89 ദിവസവും ഭക്ഷണം നൽകിയിരുന്നു. വാനരന്മാരുടെ ഇഷ്ട വിഭവങ്ങളായ വിവിധ ഫലവർഗങ്ങളും പയറും ചോറു വറ്റിച്ചതും ഓരോ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് നൽകുന്നത്.
* അധികാരികൾ മൗനത്തിൽ * *
പ്രദേശ വാസികളുടെ പരാതിയെ തുടർന്ന് ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനം വകുപ്പിന്റെ സഹകരണത്തോടെ കുരുങ്ങുകളെ പിടിക്കുന്നതിനായി കൂട് സ്ഥാപിക്കുന്നത് ഉൾപ്പടെയുള്ള പദ്ധതികൾ ആലോചിച്ചെങ്കിലും തുടർ നടപടികളുണ്ടായില്ല. ..