തഴവ: ചരിത്ര കാലത്തെ അങ്കത്തട്ടുകളെ അനുസ്മരിച്ച് ഓച്ചിറക്കളിക്ക് സമാപനം. ഓണാട്ടുകരയിൽ നിലനിന്നിരുന്ന ആയോധനകലകളുടെ പ്രദർശന മത്സരങ്ങൾ കൊവിഡ് പശ്ചാത്തലത്തിൽ ക്ഷേത്ര വെട്ടുകണ്ടത്തിൽ ആചാരപരമായ ചടങ്ങുകളിൽ ഒതുങ്ങി.
നേരത്തെ വിവിധ കരകളിൽ നിന്നായി നൂറിൽപ്പരം കളി സംഘങ്ങളും പതിനായിരക്കണക്കിന് കാഴ്ചക്കാരും എത്തിയിരുന്നിടത്ത് ഇത്തവണ ആകെ പത്ത് യോദ്ധാക്കളെ മാത്രമാണ് കളിക്കിറക്കിയത്.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശാനുസരണം ഘോഷയാത്രകളും ഒഴിവാക്കിയിരുന്നു.
ഒന്നാം ദിവസത്തേതിന് സമാനമായ ചടങ്ങുകളായിരുന്നു ഇന്നലെയും നടന്നത്. തിരഞ്ഞെടുക്കപ്പെട്ട യോദ്ധാക്കൾ, പരിമിതമായ ഭരണ സമിതി ഭാരവാഹികൾ എന്നിവർ ക്ഷേത്ര നന്ദികേശന്മാരുടെ അകമ്പടിയോടെ അങ്കത്തുണ തേടിയിറങ്ങി. ഗണപതിത്തറ, പ്രധാന ആൽത്തറകൾ എന്നിവിടങ്ങൾ ചുറ്റി കളരിവിളക്ക് തെളിച്ച് കരക്കളി ആരംഭിച്ചു. ക്ഷേത്ര ഭാരവാഹികൾ വെട്ടുകണ്ടത്തിലിറങ്ങി കരപറഞ്ഞ് ഹസ്തദാനം നൽകി ഇടത് - വലത് ഭാഗങ്ങളിലേക്ക് പിരിഞ്ഞതോടെ യോദ്ധാക്കൾ കണ്ടത്തിലിറങ്ങി ആയുധം മുട്ടി ചടങ്ങ് അവസാനിപ്പിച്ചു.
ക്ഷേത്ര ഭരണ സമിതി സെക്രട്ടറി കളരിക്കൽ ജയപ്രകാശ്, പ്രസിഡന്റ് പ്രൊഫ. ശ്രീധരൻപിള്ള, വൈസ് പ്രസിഡന്റ് ആർ.ഡി. പത്മകുമാർ, ട്രഷറർ എം.ആർ. വിമൽഡാനി തുടങ്ങിയവർ നേതൃത്വം നൽകി. ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ ആർ. പ്രകാശിന്റെ നേതൃത്വത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.