photo
കരുനാഗപ്പള്ളി മാർക്കറ്റിന് കിഴക്ക് വശം റോഡ് വക്കിൽ കെട്ടി നിൽക്കുന മഴവെള്ളം

നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിൽ കരുനാഗപ്പള്ളി മാർക്കറ്റിന് കിഴക്കുവശത്ത് റോഡിന് കുറുകേ കലുങ്ക് നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. ചന്തക്കായലിലേക്ക് ഒഴുകിപ്പോകേണ്ട മഴവെള്ളം മുണ്ടകപ്പാടത്ത് കെട്ടിനിൽക്കുന്നതാണ് നാട്ടുകാരെ വലയ്ക്കുന്നത്. അരനൂറ്റാണ്ടിനുമുമ്പ് റോഡിന് കുറുകേ നിർമ്മിച്ച കോൺക്രീറ്റ് ഓടയിലൂടെയാണ് ഇപ്പോഴും വെള്ളമൊഴുകി ചന്തക്കായലിലെത്തുന്നത്. തകർന്ന ഓടയിലൂടെയുള്ള വെള്ളമൊഴുക്ക് ഏതാണ്ട് നിലച്ച മട്ടാണ്.

കാലവർഷം ശക്തമാകുന്നതോടെ മാർക്കറ്റ് പൂർണമായും വെള്ളക്കെട്ടാവും. ഓച്ചിറ ഞക്കനാൽ പാടശേഖരത്ത് നിന്ന് ഉത്ഭവിക്കുന്ന നീർച്ചാലാണ് കുലശേഖരപുരം, തൊടിയൂർ ഗ്രാമ പഞ്ചായത്തുകളിലൂടെ ഒഴുകി മുണ്ടകപ്പാടം വഴി കരുനാഗപ്പള്ളി നഗരസഭയുടെ ഭാഗമായ ചന്തക്കായലിൽ പതിക്കുന്നത്. മഴവെള്ളം കെട്ടി നിൽക്കുന്ന മുണ്ടകപ്പാടത്തിന്റെ കിഴക്ക് വശത്തായി നൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്.

കലുങ്കിനായി ഒഴിച്ചിട്ട ഭാഗം രാത്രിയിൽ

ടാർ ചെയ്തെന്ന് ആരോപണം

കിഫ്ബിയിൽ നിന്ന് അനുവദിച്ച ഫണ്ടുപയോഗിച്ച് റോഡിന്റെ പുനരുദ്ധാരണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടത്തെ വെള്ളക്കെട്ടിന് പരിഹാരമായി റോഡിന് കുറുകെയുള്ള ഓടനീക്കി കലുങ്ക് നിർമ്മിക്കണമെന്ന് തുടക്കത്തിൽത്തന്നെ വ്യാപാരികളും പ്രദേശവാസികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. റോഡിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് തുടക്കത്തിൽ ഇവിടെ ഓട നിർമ്മിക്കുന്നതിന് സ്ഥലം ഒഴിച്ചിട്ടാണ് റോഡ് ടാർ ചെയ്തത്. ടാറിന്റെ പണി പൂർത്തിയായ ദിവസം രാത്രിയിൽ കലുങ്കിനായി ഒഴിച്ചിട്ട ഭാഗവും ടാർ ചെയ്തെന്നാണ് വ്യാപാരികൾ പറയുന്നത്. ഇതിനെതിരെ കരുനാഗപ്പള്ളി താലൂക്ക് മർച്ചന്റസ് അസോസിയേഷൻ ഉയർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരിക്കുകാണ്.

നീർച്ചാലിന്റെ വീതികുറഞ്ഞു

കാൽനൂറ്റാണ്ടിന് മുമ്പുവരെ ചന്തക്കായലിൽ ഒരേ സമയം 5 കേവ് വള്ളങ്ങൾക്ക് ചരക്കിറക്കുന്നതിനുള്ള സൗകര്യമുണ്ടായിരുന്നു. ജലഗതാഗതത്തിന്റെ പ്രാധാന്യം ഇല്ലാതായതോടെ കടവുകൾക്കും പ്രസക്തിയില്ലാതായി. ഇതോടെ കടവിന് സമീപമുള്ള പ്രദേശങ്ങൾ പലരും കൈയേറുകയും നീർച്ചാലിന്റെ വീതി കുറയുകയും ചെയ്തു. നിലവിൽ ഒരു കൊതുമ്പ് വള്ളത്തിന് പോകാനുള്ള വീതിപോലും നീർച്ചാലിനില്ല. ഇതാണ് ഓടയിലൂടെയുള്ള വെള്ളമൊഴുക്കിന് തടസമാകുന്നത്.

റോഡിന് കുറുകേ കലുങ്ക് നിർമ്മിച്ച് നീർച്ചാലിന്റെ വീതി കൂട്ടിയാൽ നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകും

പുളിമൂട്ടിൽ ബാബു,

മുനീർ വേലിയിൽ,

ശ്രീജിത്ത് ദേവ് ട്രേഡേഴ്സ്

കരുനാഗപ്പള്ളി താലൂക്ക് മർച്ചന്റസ് അസോസിയേഷൻ നേതാക്കൾ