paravoor

കൊല്ലം: പരവൂർ തെക്കുംഭാഗത്ത് മിനി ഫിഷിംഗ് ഹാർബർ ആരംഭിക്കുന്നത് സംബന്ധിച്ച് ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ പഠനം അന്തിമഘട്ടത്തിൽ. ഇതുവരെയുള്ള പഠനഫലങ്ങൾ ഹാർബർ നിർമ്മാണത്തിന് അനുയോജ്യമാണെന്നാണ് സൂചന. സെൻട്രൽ വാട്ടർ പവർ റിസർച്ച് സ്റ്റേഷനും (സി.ബ്ല്യു.പി.ആർ.എസ്) പഠനം നടത്തുന്നുണ്ട്.

വിവിധ സമയങ്ങളിലെ ഇവിടുത്തെ തിരയുടെ കരുത്ത്, ഉയരം, നിശ്ചിത ഇടവേളയിൽ അടിക്കുന്ന തിരയുടെ എണ്ണം, തിര മുറിയുന്ന സ്ഥലം, തീരത്ത് നിന്ന് എത്ര ദൂരത്തിൽ, ഏത് ദിശയിൽ, എത്ര നീളത്തിൽ പുലിമുട്ട് നിർമ്മിക്കണം. യാനങ്ങൾ അടുപ്പിക്കുന്നതിന് എത്രത്തോളം ആഴം വർദ്ധിപ്പിക്കണം എന്നിവ സംബന്ധിച്ചാണ് പഠനം.

ഹാർബർ എൻജിനിയറിംഗ് വകുപ്പ് ശേഖരിച്ച് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തീരത്തിന്റെ പ്രത്യേക മോഡൽ തയ്യാറാക്കിയാണ് പഠനം. തിരയുടെ ശക്തി, മണൽ അടിയൽ, തീരത്തിന്റെ ഘടനയിലുണ്ടാകുന്ന മാറ്റം തുടങ്ങിയ അഞ്ച് തരത്തിലുള്ള പഠനങ്ങളിൽ മൂന്നെണ്ണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

ഇനി പദ്ധതി രൂപരേഖ

ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ പഠനം പൂർത്തിയായ ശേഷം ഇവിടെ മിനി ഹാർബർ നിർമ്മാണത്തിന് പരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭിക്കണം. ഇതിനുശേഷം വിശദമായ രൂപരേഖ തയ്യാറാക്കും. രണ്ട് പുലിമുട്ടുകൾ സഹിതം മിനി ഹാർബർ നിർമ്മാണത്തിന് കുറഞ്ഞത് 30 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്.

ഹാർബർ വന്നാൽ

1. ഇപ്പോൾ തടി, ഫൈബർ കട്ടമരങ്ങളിലും ചെറുവള്ളങ്ങളിലുമാണ് കടലിൽ പോകുന്നത്

2. ആഴം കുറവായതിനാൽ വലിയ യാനങ്ങൾക്കും ചെറു ബോട്ടുകൾക്കും അടുക്കാനാകില്ല

3. ആഴം വർദ്ധിപ്പിക്കുമ്പോൾ വലിയ യാനങ്ങൾക്ക് അടുക്കാം

4. കൂടുതൽ തൊഴിലാളികൾക്ക് ജോലി ലഭിക്കും

''

പരവൂർ തെക്കുംഭാഗത്ത് പുതിയ മിനി ഫിഷിംഗ് ഹാർബർ സ്ഥാപിക്കുന്നത് സംബന്ധിച്ച പഠനം അന്തിമഘട്ടത്തിലാണ്. തിര, മണൽത്തിട്ട, ആഴം, പുലിമുട്ട് നിർമ്മാണം എന്നിവ സംബന്ധിച്ചാണ് പഠനം.

ലോട്ടസ്, ഹാർബർ എൻജിനിയറിംഗ്

വകുപ്പ് സൂപ്രണ്ടിംഗ് എൻജിനിയർ