കൊല്ലം: മരം മുറിക്കാൻ മന്ത്രിസഭാ തീരുമാനമുള്ളതിനാൽ വനം കൊള്ളയുടെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് മുൻ മിസോറാം ഗവർണറും ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റുമായ കുമ്മനം രാജശേഖരൻ പറഞ്ഞു. ബി.ജെ.പി ജില്ലാ സമിതി കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2020 ഒക്ടോബർ 24 മുതൽ 2021 ഫെബ്രുവരി മൂന്നുവരെ നൂറുദിവസം വ്യാപകമായി വനം കൊള്ള നടന്നു. സംരക്ഷിത മരങ്ങളായ ഈട്ടി, തേക്ക്, കരിമരം എന്നിവയടക്കമാണ് മുറിച്ചുകടത്തിയത്. തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലടക്കം സംസ്ഥാന വ്യാപകമായി ഒരു ലക്ഷം മരങ്ങളെങ്കിലും വെട്ടിമാറ്റിയിട്ടുണ്ട്.
ഉദ്യോഗസ്ഥരാണ് ഉത്തരവാദികളെന്ന് സി.പി.ഐ നേതാക്കളായ കാനം രാജേന്ദ്രനും മുൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും പറയുന്നു. എന്നാൽ ഇവർക്കും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാകില്ല. പ്രതികളെ സംരക്ഷിക്കാൻ ആദിവാസികളെയും വനവാസികളെയും പ്രതികളാക്കുന്നതിനെതിരെ ബി.ജെ.പി സമരമുഖത്ത് വരുമെന്നും കുമ്മനം പറഞ്ഞു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറിമാരായ വെള്ളിമൺ ദിലീപ്, ബി. ശ്രീകുമാർ, വൈസ് പ്രസിഡന്റ് എ.ജി. ശ്രീകുമാർ, ദേശീയ കൗൺസിലംഗം എം.എസ്. ശ്യാംകുമാർ, മുൻ ജില്ലാ പ്രസിഡന്റ് എം. സുനിൽ, അഡ്വ. ഗോപകുമാർ, ജില്ലാ ട്രഷറർ മന്ദിരം ശ്രീനാഥ്, കൊല്ലം മണ്ഡലം പ്രസിഡന്റ് സാംരാജ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം, മനു വിപിനൻ എന്നിവർ പങ്കെടുത്തു.