ഉടമസ്ഥരില്ലാതെ പിടിച്ചെടുത്തത് 200 ലിറ്റർ
കൊല്ലം: ലോക്ക് ഡൗണിൽ മദ്യവിപണിയിലെ കൊള്ളലാഭം പ്രതീക്ഷിച്ച് അന്യസംസ്ഥാനങ്ങളിൽ നിന്ന് മദ്യം ഒഴുകിയിട്ടും പിടികൂടാനാകാതെ അധികൃതർ. റെയിൽവേ പൊലീസിന്റെ സാധാരണ പരിശോധനയ്ക്കിടെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ പിടികൂടിയത് 200 ലിറ്ററിലധികം വിദേശമദ്യമാണ്.
കർണാടകയിൽ മാത്രം വിൽക്കാൻ അനുമതിയുള്ള മദ്യങ്ങളാണ് കണ്ടെത്തിയത്. പലദിവസങ്ങളിലായി നടന്ന പരിശോധനയിൽ കൂടുതൽ അളവ് മദ്യവും കണ്ടെത്തിയത് ബംഗളൂരു- കന്യാകുമാരി ഐലൻഡ് എക്സപ്രസിൽ നിന്നാണ്. കർണാടകയിൽ 500 രൂപയിൽ താഴെ വിലയുള്ള മദ്യം സംസ്ഥാനത്ത് കരിഞ്ചന്തയിൽ വിൽക്കുന്നത് 3,500 മുതൽ 5,000 രൂപയ്ക്കാണ്. പല ബ്രാൻഡുകളുടെയും 180 മില്ലി ലിറ്ററിന്റെ പേപ്പർ ക്യാനുകളും ജില്ലയിൽ വ്യപകമായി വിറ്റഴിക്കുന്നുണ്ട്. പരമാവധി 110 രൂപ വിലയുള്ള ഇവ ജില്ലയിൽ വിൽക്കുന്നത് 900 മുതൽ 1000 രൂപയ്ക്കുവരെയാണ്.
ആരുടേതെന്ന് ആർക്കറിയാം
ട്രെയിനുകളിൽ നിന്ന് കഴിഞ്ഞയാഴ്ച പിടികൂടിയ മദ്യത്തിന്റെ ഉടമസ്ഥരെ കണ്ടെത്താനായിട്ടില്ല. കാർഡ് ബോർഡ് പെട്ടികളിലെ മദ്യങ്ങളിൽ കർണാടക എന്ന ലേബൽ ഉള്ളതിനാൽ ബംഗളൂരു കേന്ദ്രീകരിച്ചുള്ള മലയാളി സംഘമാണെന്ന് സംശയമുണ്ട്. മദ്യക്കുപ്പികൾ സംസ്ഥാനത്തെ വിവിധയിടങ്ങളിലുള്ളവർ ഏറ്റെടുക്കുമെന്ന നിഗമനമുണ്ടെങ്കിലും അത്തരത്തിലുള്ള അന്വേഷണം ഇതുവരെയും റെയിൽവേ പൊലീസ് നടത്തിയിട്ടില്ല.
പിടിയിലായത് രണ്ടുപേർ മാത്രം
ലോക്ക് ഡൗൺ ആരംഭിച്ച ശേഷം നിരവധിതവണ മദ്യം പിടികൂടിയെങ്കിലും ജില്ലയിൽ പിടിയിലായത് രണ്ടുപേർ മാത്രമാണ്. വ്യത്യസ്ത സംഭവങ്ങളിൽ നിന്നായി ബംഗളൂരിൽ ജോലിചെയ്യുന്ന ആറ്റിങ്ങൽ സ്വദേശിയായ പട്ടാളക്കാരനും ഐ.ടി വിദഗ്ദ്ധനായ കഴക്കൂട്ടം സ്വദേശിയുമാണ് 7ന് റെയിൽവേ പൊലീസ് പിടിയിലായത്.
"
ട്രെയിനുകളിൽ പരിശോധന ശക്തമാക്കി. മദ്യത്തിനൊപ്പം ഉടമസ്ഥർ യാത്ര ഒഴിവാക്കുന്നതിനാൽ ഇവരെ കണ്ടെത്താനാവില്ല. സ്റ്റേഷനുകളിൽ എത്തുന്നവരെയും നിരീക്ഷിക്കുന്നുണ്ട്.
റെയിൽവേ പൊലീസ്, കൊല്ലം