police

 ദമ്പതികളുടെ ആദ്യ ഡ്യൂട്ടി ഒരിടത്ത്


കൊല്ലം: ജോലി പരിശീലനത്തിനിടെ പരസ്പരം പ്രണയിച്ച് വിവാഹിതരായ യുവപൊലീസ് ദമ്പതികളുടെ ആദ്യ ഡ്യൂട്ടിയും ഒന്നിച്ച്. കൊല്ലം ഉളിയക്കോവിൽ പേരയിൽ കിഴക്കതിൽ ഷെഫീക് (31), സുധീന (27) ദമ്പതികളാണ് ഒന്നിച്ച് ഡ്യൂട്ടി ചെയ്യാൻ ഭാഗ്യം ലഭിച്ചത്.

ട്രെയിനിംഗ് പൂർത്തിയാക്കിയിട്ടില്ലെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ ഇവരെ പോയിന്റ് ഡ്യൂട്ടിക്ക് നിയോഗിക്കുകയായിരുന്നു. ഷെഫീക്ക് കോട്ടയം കെ.പി മൂന്നാം ബറ്റാലിയനിലും സുധീന മേനംകുളം വനിതാ ബറ്റാലിയനിലും പരിശീലന സമയത്തിനിടെ സ്വന്തം സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്കായി പോകണമെന്ന ഉത്തരവിനെ തുടർന്നാണ് ഇരുവരും കൊല്ലത്തെത്തിയത്. ഡ്യൂട്ടിയിൽ പ്രവേശിച്ച ആദ്യദിവസം ഇവർ ഒരുമിച്ച് പട്രോളിംഗ് വാഹനത്തിലും ലോക്ക് ഡൗൺ ഡ്യൂട്ടി അവസാനിച്ച ഇന്നലെ കൊച്ചുപിലാംമൂട്ടിലെ പോയിന്റിലും ജോലിചെയ്തു.

ലോക്ക് ഡൗൺ ഇളവുകൾ വന്നതിനെ തുടർന്ന് തിരികെ പരിശീലനകേന്ദ്രത്തിലേക്ക് മടങ്ങാൻ ഇന്നലെ ഉത്തരവ് വന്നിട്ടുണ്ട്. സുധീന മേനംകുളത്തേക്ക് പോകുന്നതിന് പകരം തൃശൂർ പൊലീസ് അക്കാദമിയിലേക്കാണ് പരിശീലനത്തിന് പോകുന്നത്.

ഇടയ്ക്ക് വീണുകിട്ടിയ ഡ്യൂട്ടി ദിവസങ്ങൾ ഒന്നിച്ചായതിന്റെ സന്തോഷത്തിലാണ് ഇരുവരും. ആറുവർഷം മുമ്പാണ് ഇവർ വിവാഹിതരായത്.

കണ്ടുമുട്ടിയത് പരിശീലനത്തിനിടെ

പി.എസ്.സി പരിശീലനത്തിനിടെ കണ്ടുമുട്ടിയ ഇവർ പിന്നീട് ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. പി.എസ്.സി പരീക്ഷ എഴുതിയതും ഒന്നിച്ചായിരുന്നു. 2020 ഡിസംബർ 2ന് ഷെഫീക്കും ഏപ്രിൽ 18ന് സുധീനയും സർവീസിൽ കയറി. പരിശീലനത്തിന് മാത്രമാണ് ഇരുവരും രണ്ടിടത്തേക്ക് മാറിയത്.

''

അദ്ധ്യാപകനായ പ്രദീപ് മുഖത്തലയുടെ സൗജന്യശിക്ഷണത്തിലും കർശനമായ നിഷ്ഠയിലും പഠനം നടത്തിയതുകൊണ്ടാണ് തങ്ങൾക്ക് പൊലീസ് ജോലി ലഭിച്ചത്.

ഷെഫീക്, സുധീന