ochira
മൊബൈൽ ഫോൺ വിതരണത്തിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓച്ചിറ പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ ധർണ ബ്ലോക്ക് പ്രസിഡന്റ് നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി ഓച്ചിറ ഗ്രാമ പഞ്ചായത്തിന് കേരള ഫീഡ്‌സ് നൽകിയ പത്ത് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യുന്നതിൽ പഞ്ചായത്ത് പ്രസിഡന്റ് സ്വജനപക്ഷപാതം കാട്ടിയെന്നാരോപിച്ച് ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ നടത്തി. ഓച്ചിറ ഗ്രാമ പഞ്ചായത്തിലെ വിദ്യാർത്ഥികളുടെ പഠനത്തിനായി കേരള ഫീഡ്‌സ് നൽകിയ സ്മാർട്ട് ഫോണുകൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വകാര്യ മാനേജ്മെന്റിന് കീഴിലുള്ള അപ്പർ പ്രൈമറി സ്കൂളിൽ വിതരണം ചെയ്തെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, ബി. സെവന്തികുമാരി, അൻസാർ എ. മലബാർ, എൻ. വേലായുധൻ, കയ്യാലത്തറ ഹരിദാസ്, കെ.ബി. ഹരിലാൽ, കെ.വി. വിഷ്ണുദേവ്, മെഹർഖാൻ ചേന്നല്ലൂർ, സന്തോഷ് തണൽ, സത്താർ പള്ളിമുക്ക്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഗീതാരാജു, ദിലീപ് ശങ്കർ, എസ്. ഗീതാകുമാരി, മാളു സതീഷ്, ഇന്ദുലേഖ, മിനി പൊന്നൻ തുടങ്ങിയവർ സംസാരിച്ചു.