പുത്തൂർ: സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിന് കൊവിഡ് കാലത്ത് എസ്.എൻ.ഡി.പിയോഗം കൊട്ടരക്കര യൂണിയനിലെ യൂത്ത് മൂവ്മെന്റിന്റെ കരുതൽ. ഇന്നലെ യൂത്ത്മൂവ്മെന്റ് പ്രവർത്തകർ സായന്തനത്തിലെത്തി ഭക്ഷ്യധാന്യങ്ങളും പച്ചക്കറിയും നാളീകേരവുമടക്കമുള്ളവ കൈമാറി. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവിഷ്കരിച്ച ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു യൂത്ത്മൂവ്മെന്റ് യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യങ്ങളെത്തിച്ചത്. യൂത്ത്മൂവ്മെന്റ് യൂണിയൻ ചെയർമാൻ അനൂപിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ സായന്തനത്തിനുവേണ്ടി ഭക്ഷ്യസാധനങ്ങൾ ഏറ്റുവാങ്ങി. യോഗം ബോർഡ്മെമ്പർ അനിൽ ആനക്കോട്ടൂർ, യൂണിയൻ കൗൺസിലർമാരായ അംബുജാക്ഷൻ കാരിയ്ക്കൽ, ബാബു എസ്.എൻ.പുരം, യൂത്ത്മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം ജുബിൻഷാ, അഭിലാഷ് പുളിവിള, സായന്തനം കോ-ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, മാനേജർ ജി.രവീന്ദ്രൻപിള്ള, ജയശ്രീ എന്നിവർ പങ്കെടുത്തു. ജില്ലാപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രം പത്തനാപുരം ഗാന്ധിഭവന്റെ ചുമതലയിലാണ് പ്രവർത്തിക്കുന്നത്. യൂത്ത്മൂവ്മെന്റിന്റെയും വനിതാസംഘത്തിന്റെയും നേതൃത്വത്തിൽ അനാഥാലയങ്ങൾക്കും സാമൂഹ്യ അടുക്കളകൾക്കും ഭക്ഷ്യസാധനങ്ങളെത്തിച്ചും കുട്ടികൾക്ക് പഠന സൗകര്യങ്ങളൊരുക്കിയും വൃക്ഷത്തൈകളും പച്ചക്കറി തൈകളും നട്ടും ഗുരുകാരുണ്യം പദ്ധതി വിജയകരമായി മുന്നോട്ടുകൊണ്ടുപോവുകയാണെന്നും കൊവിഡുകാലം കഴിയുംവരെ ഇത് തുടരുമെന്നും യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ പറഞ്ഞു.