സംസ്കരണ കേന്ദ്രത്തിന് സമീപം പ്ളാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിച്ചു
കൊല്ലം: മാലിന്യ സംസ്കരണത്തെച്ചൊല്ലി ജില്ലാ ഭരണകൂടവുമായി നേർക്കുനേർ ഏറ്റുമുട്ടിയതിന് പിന്നാലെ പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിച്ച് നഗരസഭയുടെ പ്രതികാരം. ഇന്നലെ രാവിലെ 10.30ഓടെ ലിങ്ക് റോഡിന് സമീപത്തുള്ള ബയോവേസ്റ്റ് സംസ്കരണ കേന്ദ്രത്തിന് സമീപത്തുള്ള സ്ഥലത്താണ് മാലിന്യം കൂട്ടിയിട്ട് കത്തിച്ചത്. മെഡിക്കൽ വേസ്റ്റ് ഉൾപ്പെടെയുള്ളവ ഇക്കുട്ടത്തിലുണ്ടായിരുന്നതായി ആരോപണമുണ്ട്.
പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിനെ തുടർന്നുണ്ടായ കറുത്ത പുകയും രൂക്ഷമായ ഗന്ധവും മൂലം ലിങ്ക് റോഡിലെ യാത്രക്കാർക്ക് ശ്വാസംമുട്ട് അടക്കമുള്ള ബുദ്ധിമുട്ടുകളുണ്ടായി. ഇതേത്തുടർന്ന് നാട്ടുകാരിൽ ചിലർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് തീയിടൽ അവസാനിപ്പിച്ചത്. മാലിന്യത്തിലുണ്ടായിരുന്ന പല കവറുകളും സംസ്കരിക്കാൻ കഴിയുന്നവയാണെന്നിരിക്കെ കൂട്ടിയിട്ട് കത്തിച്ചത് പ്രതികാര നടപടിയായി മാത്രമേ കാണാൻ കഴിയുകയുള്ളുവെന്നാണ് നാട്ടുകാർ പറയുന്നത്.
ആശാന് അടുപ്പിലുമാകാമോ ?
പ്ലാസ്റ്റിക് കവറുകൾ അടക്കമുള്ള മാലിന്യം സംസ്കരിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ നിലവിലുള്ളപ്പോൾ അവ കൃത്യമായി പരിപാലിക്കപ്പെടുന്നതായി ഉറപ്പുവരുത്തേണ്ട നഗരസഭ തന്നെ ചട്ടലംഘനം നടത്തുകയാണ്. ഖരമാലിന്യ സംസ്കരണ ചട്ടലംഘനത്തിന് പൊതുസമൂഹത്തിന് നേരെ വടിയെടുക്കുന്ന നഗരസഭാ അധികൃതർ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് നഗരവാസികൾ പറയുന്നു.
സംസ്കരിക്കാൻ സംവിധാനമുണ്ട്, പ്രവർത്തനമില്ലെന്ന് മാത്രം
പ്ലാസ്റ്റിക് ഖരമാലിന്യം സംസ്കരിക്കുന്നതിന് കുരീപ്പുഴയിൽ നഗരസഭയുടെ പ്ലാന്റ്
പ്രവർത്തനം തുടങ്ങിയത്: 2002ൽ
പദ്ധതി ചെലവ്: 1.75 കോടി രൂപ
സംസ്കരിക്കാൻ കഴിയുന്നത്: പ്രതിദിനം 15 മുതൽ 20 ടൺ ഖരമാലിന്യം
നിലവിലെ അവസ്ഥ: പ്രവർത്തനം നിലച്ചു
നഗരത്തിലെ മാലിന്യം (നഗരസഭയുടെ കണക്ക്, ശതമാനത്തിൽ)
ഗാർഹിക മാലിന്യം: 63.76
വ്യാവസായിക മാലിന്യം: 22.73
പഴം, പച്ചക്കറി: 5.78
മത്സ്യം, മാംസം: 3.12
മെഡിക്കൽ വേസ്റ്റ്: 2.18
കെട്ടിട നിർമ്മാണം: 2.43
മെഡിക്കൽ വേസ്റ്റ്
നഗരത്തിലെ ആശുപത്രികൾ: 20
വേസ്റ്റുകൾ സംസ്കരിക്കുന്നത്: ബയോ മെഡിക്കൽ ട്രീറ്റ്മെന്റ് പ്ലാന്റ്, പാലക്കാട്
സംഭരണം: പ്ലാന്റ് നേരിട്ട്