കൊല്ലം: സംസ്ഥാന വ്യാപകമായി നടത്തുന്ന മരംകൊള്ള ഗൂഢാലോചനയെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. മരംകൊള്ളയ്ക്ക് ആധാരമായ ഉത്തരവിനെ സാധൂകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് യുക്തിരഹിതമാണ്.
രാഷ്ട്രീയ - ഭരണ നേതൃത്വത്തിന്റെ ഒത്താശയോടെ നടത്തിയ മരംകൊള്ളയുടെ ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് തടിതപ്പുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. മരം മുറിച്ചത് മാത്രം അന്വേഷിച്ച് ഉത്തരവിനെ സാധൂകരിക്കാൻ നടത്തുന്ന ശ്രമം ഭരണ - രാഷ്ട്രീയ നേതൃത്വത്തെ വെള്ളപൂശുന്നതിനാണ്. ഒരേ വിഷയത്തിൽ ഒരേ സമയം സർക്കാരിന്റെ തന്നെ വിവിധ ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കുന്നത് കുറ്റവാളികളെ രക്ഷപ്പെടുത്തുന്നതിനാണെന്നും എം.പി കുറ്റപ്പെടുത്തി.