ഓച്ചിറ: അഴീക്കൽ ഹാർബറിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി പരമ്പരാഗത വള്ളങ്ങൾക്ക് മത്സ്യബന്ധനം നടത്താൻ കളക്ടറുടെ അനുമതി. അപ്രായോഗിക കൊവിഡ് നിയന്ത്രണം അവസാനിപ്പിക്കണമെന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ശുപാർശയാണ് കളക്ടർ അംഗീകരിച്ചത്. ജാഗ്രതാപോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത വള്ളങ്ങൾക്ക് മത്സ്യബന്ധനത്തിന് അനുമതി ലഭിക്കില്ല. ഹാർബറിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഒറ്റ അക്ക, ഇരട്ട അക്ക നമ്പർ അനുസരിച്ചായിരുന്നു ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോകാൻ വള്ളങ്ങൾക്ക് അനുമതി നൽകിയിരുന്നത്. അതിനുപകരം എല്ലാ വള്ളങ്ങൾക്കും കടലിൽ പോകാമെങ്കിലും നിയന്ത്രണ വിധേയമായി മാത്രമേ വള്ളങ്ങൾക്ക് ഹാർബറിൽ പ്രവേശനമുണ്ടാവൂ.
കേസെടുത്തത് നിയന്ത്രണം ലംഘിച്ച്
കടലിൽ പോയ 24 പേർക്കെതിരെ
കാലാവസ്ഥാ മുന്നറിയിപ്പും കൊവിഡ് നിയന്ത്രണങ്ങളും ഇത്തവണ പരമ്പരാഗത വള്ളങ്ങളിൽ പോകുന്നവരുടെ മത്സ്യലഭ്യതയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഒരു വള്ളത്തിലെ 3 തൊഴിലാളികൾക്ക് മാത്രമാണ് ഹാർബറിൽ പ്രവേശിക്കാൻ അനുമതി. ആന്റിജൻ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കേറ്റുള്ളവർക്ക് മാത്രം കടലിൽ പോകാമെന്നായിരുന്നു നിർദേശം. ഇത്തരം നിയന്ത്രണങ്ങൾ പ്രദേശത്ത് സംഘർഷത്തിന് കാരണമായിരുന്നു. നിയന്ത്രണം ലംഘിച്ച് കടലിൽ പോയ 24 വള്ളങ്ങളുടെ ഉടമകൾക്കെതിരെ ഓച്ചിറ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് സി.ആർ. മഹേഷ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ആലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസാണ് ജില്ലാ കളക്ടർക്ക് ഇത് സംബന്ധിച്ച് നിവേദനം നൽകിയത്. നിയന്ത്രണങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ കടലിൽ ഇറങ്ങുമെന്ന് പറഞ്ഞ പശ്ചാത്തലത്തിലാണ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കളക്ടറുമായി ബന്ധപ്പെട്ടത്.
234 ഫൈബർ വള്ളങ്ങൾ,
92 ഇൻബോർഡ് വള്ളങ്ങൾ
234 ഫൈബർ വള്ളങ്ങളും 92 ഇൻബോർഡ് വള്ളങ്ങളുമാണ് ഇത്തവണ കടലിൽ പോകുന്നതിനായി ഫിഷറീസ് അധികൃതർക്ക് മുന്നിൽ രജിസ്റ്റർ ചെയ്തത്. ട്രോളിംഗ് നിരോധന സമയത്താണ് പരമ്പരാഗത തൊഴിലാൾകൾക്ക് ഏറ്റവും കൂടുതൽ മത്സ്യം ലഭിക്കുന്നത്.