കുണ്ടറ: പൊലീസ് സ്റ്റേഷനിൽ കയറി അതിക്രമം കാട്ടിയ കേസിൽ കേരളാ കോൺഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡന്റ് റിമാൻഡിൽ. കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ ക്ളീറ്റസിനെയാണ് സംഭവത്തിൽ കിഴക്കേ കല്ലട പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: അടുത്തിടെ സി.പി.ഐയിൽ നിന്ന് രാജിവച്ച് കേരളാ കോൺഗ്രസിൽ (എം) എത്തിയ ക്ളീറ്റസിന്റെ നേതൃത്വത്തിൽ ഇന്ധന വിലവർദ്ധനവിനെതിരെ കഴിഞ്ഞദിവസം ചിറ്റുമല പെട്രോൾ പമ്പിന് മുന്നിൽ സമരം നടന്നു. ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള പ്രദേശത്ത് സമരം നടത്തിയതിനെ തുടർന്ന് സമരക്കാർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതേത്തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ഗംഗാധരൻ തമ്പിയാണ് തനിക്കെതിരെ കേസെടുത്തതെന്ന് ആരോപിച്ച് ഇന്നലെ രാവിലെ ക്ളീറ്റസ് എസ്.ഐയുടെ വീടിന് മുന്നിലെത്തി ഭീഷണിപ്പെടുത്തുകയും കാറ് കുറുകെയിട്ട് വഴി തടസപ്പെടുത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കിഴക്കേ കല്ലട പൊലീസ് ക്ളീറ്റസിനെ കസ്റ്റഡിയിലെടുത്തു.
സ്റ്റേഷനിലെത്തിച്ച് അധികം വൈകാതെ അക്രമാസക്തനായ ക്ളീറ്റസ് സി.ഐയുടെ ഓഫീസ് മുറിയിലെ കസേരകളും ടോർച്ച് ലൈറ്റും അടിച്ചുതകർത്തു. പൊതുമുതൽ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് പ്രതിയ്ക്കെതിരെ കേസെടുത്തതെന്ന് സി.ഐ രാജേഷ് കുമാർ അറിയിച്ചു.