photo
കുന്നത്തൂർ - കരുനാഗപ്പള്ളി കുടിവെള്ള പദ്ധതിക്കുള്ള സ്ഥലം വിട്ട് കിട്ടുന്നതിനുള്ള കത്ത് എം.എൽ.എമാരായ കോവൂർ കുഞ്ഞുമോനും സി.ആർ. മഹേഷും ചേർന്ന് ജില്ലാ കളക്ടർക്ക് കൈമാറുന്നു

കരുനാഗപ്പള്ളി: കുന്നത്തൂർ - കരുനാഗപ്പള്ളി സംയോജിത കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സ്ഥലം വിട്ടുകിട്ടുന്നതിനുള്ള കത്ത് എം.എൽ.എമാരായ കോവൂർ കുഞ്ഞുമോനും സി.ആർ. മഹേഷും ചേർന്ന് ജില്ലാ കളക്ടർക്ക് കൈമാറി. 298 കോടി രൂപ ചെലവഴിച്ചാണ് കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. കരുനാഗപ്പള്ളി അസംബ്ലി മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന കുലശേഖരപുരം, തഴവ, തൊടിയൂർ ഗ്രാമ പഞ്ചായത്തുകൾക്കും കുന്നത്തൂർ മണ്ഡലത്തിലെ കുന്നത്തൂർ, പോരുവഴി, ശൂരനാട് വടക്ക് പഞ്ചായത്തുകൾക്കുമാണ് പദ്ധതിയുടെ ഗുണം ലഭിക്കുന്നത്.

കുന്നത്തൂർ പഞ്ചായത്തിലെ ഞാങ്കടവിൽ കല്ലടയാറ്റിനോട് ചേർന്ന് കിണർ നിർമ്മിച്ച് അമ്പുവിളയിൽ 44 ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണശാലയിൽ ജലം ശുദ്ധികരിച്ചാണ് ആറ് പഞ്ചായത്തുകളിൽ സ്ഥാപിക്കുന്ന ജലസംഭരണികളിൽ എത്തിക്കുന്നത്. കുലശേഖരപുരം പഞ്ചായത്തിൽ സംഘപുരമുക്ക്, പാവുമ്പ, തൊടിയൂർ എന്നിവിടങ്ങളിലും കുന്നത്തൂരിൽ ആനയടി, പോരുവഴി എന്നിവിടങ്ങളിലും ടാങ്ക് നിർ‌മ്മിക്കും. പുതിയ പദ്ധതി നടപ്പാകുന്നതോടെ ആലപ്പാടിനും ഓച്ചിറയ്ക്കും ക്ളാപ്പനയ്ക്കും മാത്രമായി ഓച്ചിറ കുടിവെള്ള പദ്ധതി സ്വയം പര്യാപ്തമാകും. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലേക്ക് പുതിയ പദ്ധതി ബന്ധിപ്പിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. 2023 സെപ്തംബറോടെ കരുനാഗപ്പള്ളി അസംബ്ലി മണ്ഡലത്തിലെ ശുദ്ധജല വിതരണത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സി.ആർ. മഹേഷ് എം.എൽ.എ പറഞ്ഞു.