കളക്ടർക്കെതിര സമരം ചെയ്തതിന്
കൊല്ലം: നഗരത്തിലെ മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് കളക്ടർക്കെതിരെ സമരം ചെയ്തതിന് സി.പി.ഐ അനുകൂല റവന്യൂ ജീവനക്കാരുടെ സംഘടനയായ കെ.ആർ.ഡി.എസ്.എയുടെ ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വം പിരിച്ചുവിട്ടു. രണ്ടുദിവസം മുമ്പ് ചേർന്ന സംഘടനയുടെ അടിയന്തര സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനമെടുത്തത്.
നഗരത്തിലെ മാലിന്യ സംസ്കരണത്തിൽ നഗരസഭ നിരന്തരം വീഴ്ച വരുത്തുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ചവറുകൾ യഥാസമയം നീക്കം ചെയ്യാൻ തഹസിൽദാരെ ചുമതലപ്പെടുത്തി കളക്ടർ അദ്ധ്യക്ഷനായ ദുരന്തനിവാരണ അതോറിറ്റി ഉത്തരവിട്ടിരുന്നു. തങ്ങളുടെ അധികാരത്തിൽ കൈകടുത്തുന്നുവെന്ന് പറഞ്ഞ് ഉത്തരവിനെതിരെ ആദ്യ രംഗത്തുവന്നത് നഗരസഭയായിരുന്നു. പക്ഷെ പിന്നീട് റവന്യൂ ജീവനക്കാരും കളക്ടറും തമ്മിലുള്ള യുദ്ധമായി മാറി. കളക്ടറുടെ ഉത്തരവിനെതിരെ കെ.ആർ.ഡി.എസ്.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരസ്യ പ്രതിഷേധവും പോസ്റ്റർ പ്രചാരണവും നടത്തി. ഉത്തരവ് നടപ്പാക്കേണ്ടെന്ന് സംഘടനാ നേതാക്കൾ ജീവനക്കാർക്ക് നിർദ്ദേശവും നൽകി. അതുകൊണ്ട് തന്നെ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് കാര്യമായി നടപ്പായതുമില്ല.
കളക്ടറുടെ ഉത്തരവിനെതിരെയുള്ള ജില്ലാ കമ്മിറ്റിയുടെ തീരുമാനങ്ങൾ ഉപരികമ്മിറ്റിയുടെ അനുവാദമില്ലാതെ പത്രങ്ങൾക്ക് നൽകി, കളക്ടർക്കെതിരെ സമരം ചെയ്ത് റവന്യൂ വകുപ്പിന് അവമതിപ്പുണ്ടാക്കി, സംസ്ഥാന കമ്മിറ്റിയുടെ അനുമതിയില്ലാതെ പാവപ്പെട്ട 90 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് മൊബൈൽ വാങ്ങി നൽകാൻ മൊബൈൽ ചലഞ്ച് സംഘടിപ്പിച്ചു. തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജില്ലാകമ്മിറ്റിക്ക് നേരെയുള്ള അച്ചടക്ക നടപടി. എന്നാൽ നാളുകളായി സംഘടനയുടെ സംസ്ഥാന - ജില്ലാ നേതൃത്വങ്ങൾ തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ പിരിച്ചുവിടലെന്നാണ് സൂചന.
ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി ഇന്ന്
പുതിയ അഡ്ഹോക്ക് ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുക്കാൻ സംസ്ഥാന പ്രസിഡന്റിനെയും സെക്രട്ടറിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ചർച്ച ചെയ്യാൻ മാതൃസംഘടനയായ ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി ഇന്ന് ചേർന്നേക്കും. എന്നാൽ കെ.ആർ.ഡി.എസ്.എ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന്റെ നിഗമനങ്ങളെ അംഗീകരിച്ചിട്ടില്ല. കൊവിഡ് കാലത്ത് രണ്ട് വകുപ്പുകൾ തമ്മിൽ ഏറ്റുമുട്ടൽ സൃഷ്ടിക്കുന്ന കളക്ടറുടെ ഉത്തരവിനെതിരെ സമരം ചെയ്തതിൽ തെറ്റില്ലെന്ന നിലപാടിലാണ് ഇവർ ഇപ്പോഴും.