road
ടാറിങ് ഇളകി സഞ്ചാരയോഗ്യമാല്ലാതെ കിടക്കുന്ന കോട്ടവട്ടം-തിരുവഴി റോഡ്

കുന്നിക്കോട് : വിളക്കുടി - വെട്ടിക്കവല ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന കോട്ടവട്ടം-തിരുവഴി പാതയുടെ മൂന്ന് കിലോമീറ്റർ ഭാഗം പൂർണമായും തകർന്ന് സഞ്ചാര യോഗ്യമല്ലാതായി. കോട്ട വട്ടം ഗ്രന്ഥശാല ജംഷനിൽ നിന്ന് ഇളമ്പൽ കോട്ടവട്ടം വരെ നീളുന്നതാണ് ഈ പാത. പ്രദേശവാസികൾ നിരവധി പരാതികൾ നൽകിയിട്ടും 12 വർഷക്കാലം റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല.
റോഡിന്റെ ടാറിംഗ് പലയിടങ്ങളിലും ഇല്ലാതായി. ഇരുചക്രവാഹനങ്ങളിൽ പോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. റോഡിൽ പലയിടത്തും മെറ്റൽ ചിതറിക്കിടക്കുകയാണ്. അതിനാൽ ഇരുചക്രരവാഹനയാത്രികർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്.

സർവീസ് നിറുത്തി കെ.എസ്.ആർ.ടി.സി

പുനലൂർ, കൊട്ടാരക്കര ഡിപ്പോകളിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നടത്തിയിരുന്നു. പിന്നീട് കുണ്ടും കുഴിയും നിറഞ്ഞ പാതയിലൂടെ യാത്ര അസാധ്യമായതോടെ ഇരു ഡിപ്പോകളിൽ നിന്നും ഇതുവഴിയുള്ള സർവീസുകൾ നിറുത്തിവെച്ചു. ഇതുവഴിയുള്ള സമാന്തര സർവീസുകളും നിലച്ചിരിക്കുകയാണ്. പൊതുഗതാഗത സംവിധാനങ്ങൾ നിലച്ചത് വിദ്യാർത്ഥികളടക്കം നൂറു കണക്കിന് പ്രദേശവാസികൾക്ക് തിരിച്ചടിയായി.

അധികൃതരും ജനപ്രതിനിധികളും ഇടപെടുന്നില്ല

കലുങ്കുകളും ഓടകളും നിർമ്മിക്കാത്തതിനാൽ മഴ പെയ്യുമ്പോൾ മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. അശാസ്ത്രീയമായി റോഡ് നിർമ്മിച്ചതിനാലാണ് ടാറിംഗ് പൊട്ടിപ്പൊളിഞ്ഞതിന് പിന്നിലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. പാതയുടെ തകർച്ച ചൂണ്ടി കാണിച്ച് നിരവധി തവണ അധികൃതർക്കും ജനപ്രതിനിധികൾക്കും പരാതി നൽകിയെങ്കിലും ഫലം കണ്ടില്ല. റോഡിലെ കുഴികളുടെ എണ്ണവും ആഴവും കൂടിയതോടെ മറ്റ് മാർഗങ്ങളില്ലാതെ പ്രദേശവാസികൾ മണ്ണും കല്ലും നിരത്തി കുഴികൾ മൂടിയിരുന്നു. പക്ഷേ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ അതും ഇളകി മാറി റോഡ് പഴയത് പോലെയായി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് പ്രചാരണത്തിന് എത്തിയ പത്തനാപുരം എം.എൽ.എ കെ.ബി.ഗണേശ് കുമാർ റോഡ് നവീകരിച്ച് നൽകാമെന്ന് പ്രദേശവാസികൾക്ക് ഉറപ്പ് നൽകിയെങ്കിലും നടപടിയുണ്ടായില്ല.