online

കൊല്ലം: വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ ജംഗ്ഷനിലെ സ്വകാര്യ ഓൺലൈൻ വ്യാപാര ഗോഡൗണിന് മുന്നിൽ സമരം നടത്തി. ഭക്ഷ്യവസ്തുക്കളും മരുന്നും മാത്രം വിൽക്കാനുള്ള അനുമതി ദുരുപയോഗം ചെയ്ത് ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ് സാധനങ്ങൾ എന്നിവയടക്കം വിൽക്കുന്ന ഓൺലൈൻ വ്യാപാരികളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സമിതി ജില്ലാ സെക്രട്ടറി കെ.കെ. നിസാർ, ഏരിയാ സെക്രട്ടറി മഞ്ജു സുനിൽ, പി.പി. ജോസ്, മുജീബ് റഹ്മാൻ, വിലാസിനി, സജി സയന്ത് തുടങ്ങിയവർ പങ്കെടുത്തു.

കോട്ടമുക്കിൽ നടന്ന സമരം ജില്ലാ പ്രസിഡന്റ്‌ പീറ്റർ എഡ്വിൻ ഉദ്ഘാടനം ചെയ്തു. ഫാറൂക്ക് തങ്ങൾ, യൂസഫ്, ബിജു തുടങ്ങിയവർ പങ്കെടുത്തു. കരുനാഗപ്പള്ളിയിലെ പ്രതിഷേധം ഏരിയാ സെക്രട്ടറി ബി.ആർ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഷാനവാസ്‌, ഓമനക്കുട്ടൻ, ശശി എന്നിവർ സംസാരിച്ചു. ചാത്തന്നൂരിൽ ഏരിയാ സെക്രട്ടറി രാജേഷ്, ശീമാട്ടിയിൽ യൂണിറ്റ് സെക്രട്ടറി അജിത് തുടങ്ങിയവർ നേതൃത്വം നൽകി.