sanal-38

ചാത്തന്നൂർ: സൗദിയിൽ പാൽ വിതരണ കമ്പനിയിൽ ജോലിചെയ്തിരുന്ന ചാത്തന്നൂർ സ്വദേശിയായ യുവാവ് സഹായിയായ ദക്ഷിണാഫ്രിക്കക്കാരന്റെ കുത്തേറ്റ് മരിച്ചു. ചാത്തന്നൂർ ഇത്തിക്കര സീതാഭവനിൽ പരേതനായ സദാനന്ദൻപിള്ളയുടെയും സീതമ്മയുടെയും മകൻ സനലാണ് (38) മരിച്ചത്.

സൗദി അറേബ്യ കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സയിൽ ജബൽ ഷോബയ്ക്കടുത്ത് ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അൽമറായ് കമ്പനിയിലെ പാൽവിതരണ വാനിലെ സെയിൽസ് മാനായിരുന്നു സനൽ. അക്രമിയെയും കഴുത്തറുക്കപ്പെട്ട നിലയിൽ പിന്നീട് കണ്ടെത്തിയിരുന്നു.

ഒൻപത് വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന സനൽ ഒന്നര വർഷം മുൻപാണ് നാട്ടിൽ വന്ന് മടങ്ങിയത്. അവിവാഹിതനാണ്. സഹോദരി സീന. വിവരമറിഞ്ഞ് ജിദ്ദയിൽ ജോലിചെയ്യുന്ന ബന്ധു സംഭവ സ്ഥലത്തെത്തി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.