തൊടിയൂർ: പുലിയൂർ വഞ്ചി തെക്ക് പൂവണ്ണാൽ വീട്ടിൽ നജീമിന്റെയും സാജിതയുടെയും മകൻ അസ്ഹർ ഇബ്നു നജീം (17) നിര്യാതനായി. ചൊവ്വാഴ്ച രാത്രി ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ ഉണരാതിരുന്നതിനെ തുടർന്ന് രക്ഷിതാക്കൾ രാവിലെ 6.30 ഓടെ മുറിയിൽ നോക്കിയപ്പോൾ ജന്നി ബാധിച്ചതുപോലെ പിടയ്ക്കുകയായിരുന്നു.
ഉടൻ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മൃതദേഹം ഇന്ന് ജില്ലാ ആശുപത്രിയിൽ പൊലീസ് സർജൻ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും.
സ്കൂൾ ശാസ്ത്രമേളയിൽ സ്വന്തമായി ഇങ്ക്ബേറ്റർ നിർമ്മിച്ച് മുട്ട വിരിയിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട 12 കാരനായ നജീം വാശിയോടെ ശ്രമം തുടർന്നു. തെർമോക്കോൾ ഉപയോഗിച്ച് വലിയ ഇങ്ക്ബേറ്റർ നിർമ്മിച്ച് വീട്ടിൽ പരീക്ഷണം തുടർന്നു. വിരിയിക്കാൻ വച്ച 70 മുട്ടകളിൽ 50 എണ്ണം വിരിഞ്ഞു. ഒരു മാസം കഴിഞ്ഞപ്പോൾ നൂറ് രൂപ വച്ച് കോഴിക്കുഞ്ഞുങ്ങളെ വിറ്റു. തുടർന്നിങ്ങോട്ട് മാസം 30,000 രൂപ വരെ സമ്പാദിക്കുന്ന കൗമാരക്കാരൻ മാദ്ധ്യമങ്ങളിൽ തിളങ്ങി. പത്താം ക്ലാസിൽ എത്തിയപ്പോഴേയ്ക്ക് സ്വന്തമായി ഇലക്ട്രിക് ഇങ്ക്ബേറ്റർ നിർമ്മിച്ച് ബിസിനസ് വിപുലമാക്കി.
തഴവ എ.വി എച്ച്.എസിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയാണ് എസ്.എസ്.എൽ.സി വിജയിച്ചത്. ഇപ്പോൾ കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയായിരുന്നു. വീട്ടിൽ അസ്ഹറിന് സ്വന്തമായി കോഴി, താറാവ് ഫാമുകൾ നിലവിലുണ്ട്.