ബയോമൈനിംഗിന് 11.85 കോടി
കൊല്ലം: കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ പതിറ്റാണ്ടുകളായി കെട്ടിക്കിടക്കുന്ന മാലിന്യം നീക്കംചെയ്യാൻ തമിഴ്നാട് ഈ റോഡ് ആസ്ഥാനമായുള്ള സിഗ്മ ഇന്റർനാഷണൽ എന്ന സ്വകാര്യ കമ്പനിയുടെ 11.85 കോടി രൂപയുടെ ടെണ്ടർ അംഗീകരിച്ചു. കഴിഞ്ഞ ദിവസം ഒാൺലൈനായി ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ടെണ്ടർ നടപടികളുടെ വിശദാംശങ്ങൾ മറച്ചുവച്ചെന്ന് ആരോപിച്ച് യു.ഡി.എഫ് കൗൺസിലർമാർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
സ്വകാര്യകമ്പനി ഒരു ഘനമീറ്റർ മാലിന്യം സംസ്കരിക്കാൻ 1247 രൂപയുടെ ടെണ്ടറാണ് സമർപ്പിച്ചത്. ഈ കമ്പനിയുമായി നഗരസഭാ അധികൃതർ നടത്തിയ വിലപേശലിൽ 1130 രൂപയ്ക്ക് നീക്കം ചെയ്യാമെന്ന് ധാരണയുണ്ടാക്കി. ഇതിന് സർക്കാർ അംഗീകാരം വാങ്ങിയ ശേഷമാണ് ഇന്നലെ കൗൺസിൽ യോഗത്തിന്റെ അംഗീകാരത്തിനായി വച്ചത്. വളരെ വൈകിയാണ് കൗൺസിൽ യോഗത്തിന്റെ അജണ്ട ലഭിച്ചതെന്നും കോടികളുടെ പദ്ധതിയായതിൽ വിശദമായി പഠിക്കേണ്ടതുണ്ടെന്നുമായിരുന്നു യു.ഡി.എഫ് കൗൺസിലർമാരുടെ വാദം.
പദ്ധതിയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് രണ്ടുദിവസം മുൻപ് അപേക്ഷ നൽകിയെങ്കിലും ഇതുവരെ കിട്ടിയിട്ടില്ലെന്ന് മുണ്ടയ്ക്കൽ കൗൺസിലർ കുരുവിള ജോസഫ് പറഞ്ഞു. അജണ്ട അടുത്ത കൗൺസിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും പരിഗണിക്കാത്തതിനാലാണ് യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയത്.
കളക്ടറുടെ ഉത്തരവിനെച്ചൊല്ലി ബഹളം
മാലിന്യസംസ്കരണത്തിൽ നഗരസഭയ്ക്ക് വീഴ്ച്ച പറ്റിയെന്ന കളക്ടറുടെ ഉത്തരവിനെച്ചൊല്ലി കൗൺസിൽ യോഗത്തിൽ ഭരണ - പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോര്. കളക്ടറെ ന്യായീകരിച്ച് യു.ഡി.എഫ് നേതാവ് ജോർജ് ഡി. കാട്ടിൽ രംഗത്തെത്തി. ഇതിനുപിന്നാലെ സ്ഥിരംസമിതി അദ്ധ്യക്ഷനായ എസ്. ജയൻ, പള്ളിമുക്ക് കൗൺസിലർ എം. സജീവ് തുടങ്ങിയവർ കളക്ടരെ വിമർശിച്ച് രംഗത്തെത്തി. മരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ അഡ്വ. ഉദയകുമാർ കളക്ടർക്കെതിരെ ഒറ്റവരി പ്രമേയവും അവതരിപ്പിച്ചു.
സംസ്കരണം ഇങ്ങനെ
കെട്ടിക്കിടക്കുന്ന മാലിന്യം ആദ്യം കുഴിച്ചെടുക്കും. തുടർന്ന് വിവിധതരം അരിപ്പകളുള്ള പ്ലാന്റിലൂടെ കടത്തിവിട്ട് പ്ലാസ്റ്റിക്, ഇരുമ്പ്, റബർ, കല്ല്, മണ്ണ്, മറ്റ് ജൈവ ഘടകങ്ങൾ എന്നിവ പ്രത്യേകം വേർതിരിച്ചെടുക്കും. മണ്ണും കല്ലും ഉപേക്ഷിക്കും. ശേഷിക്കുന്ന അജൈവ മാലിന്യം കമ്പനിയുമായി ധാരണയുള്ള വ്യവസായ യൂണിറ്റുകൾക്ക് കൈമാറും.
മഴ കഴിഞ്ഞാൽ തുടങ്ങും
മഴകഴിഞ്ഞാലുടൻ ബൈയോ മൈനിംഗ് ആരംഭിക്കാനാണ് ആലോചന. പതിറ്റാണ്ടുകളായി കെട്ടിക്കിടക്കുന്ന മാലിന്യമായതിനാൽ ഇളക്കുമ്പോൾ വിഷവായു പടരാനും തീപിടിത്തമുണ്ടാവാനുമുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഇവ ഒഴിവാക്കാൻ പ്രത്യേക ഇനോക്കുലം ഉപയോഗിച്ചാകും മൈനിംഗ്.
കെട്ടിക്കിടക്കുന്നത് 1.04, 906. 88 ഘനമീറ്റർ മാലിന്യം
ഒരു ഘന മീറ്റർ മാലിന്യം സംസ്കരിക്കാൻ: 1130 രൂപ
ആകെ ചെലവാകുന്ന തുക: 11.85 കോടി
നിലവിൽ നീക്കിവച്ചിട്ടുള്ളത്: 10 കോടി