lock

കൊല്ലം: സർക്കാർ ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടും ഇനിയും ലോക്കഴിയാതെ നിരവധി ജീവിതങ്ങൾ. എല്ലാം സാധാരണ ഗതിയിലാകുന്ന മുറയ്ക്ക് വലിയ ബുദ്ധിമുട്ടനുഭവിക്കുന്ന വിഭാഗങ്ങളെ അനുഭാവപൂർവം പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പുപറയുമ്പോഴും ആയിരക്കണക്കിന് പേരാണ് ജീവിതംവഴിമുട്ടി നിൽക്കുന്നത്.

ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് വിവിധ ജോലികൾ ചെയ്ത് ജീവിക്കുന്നവർ, പന്തൽ​ - കാറ്ററിംഗ് മേഖലയിൽ പണിയെടുക്കുന്നവർ,​ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നവർ,​ പ്രൈവറ്റ് ബസിലെ ജീവനക്കാർ തുടങ്ങിയവരുടെ പ്രശ്നങ്ങൾ ഭക്ഷ്യക്കിറ്റ് കൊണ്ടുമാത്രം പരിഹരിക്കാൻ കഴിയുന്നവയല്ല. അടവ് മുടങ്ങിയ ബാങ്ക് വായ്പ,​ ബ്ലേഡ് പലിശ,​ കടവാടക തുടങ്ങിയവയെ നേരിടണമെങ്കിൽ പഴയതുപോലെ വരുമാനം വന്നുതുടങ്ങണം.

ഇഴചേരാതെ ക്ഷേത്ര ജീവനക്കാർ

ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് വിവിധ ജോലികൾ ചെയ്ത് ജീവിക്കുന്നവർ രണ്ടുമാസമായി തീരാദുരിതത്തിലാണ്. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ജില്ലയിൽ മാത്രം 7000ൽ അധികം പേർ തമിഴ്നാട്ടിൽ നിന്നുവരുന്ന പൂക്കൾ വിറ്റും മാലകെട്ടിയും ജീവിക്കുന്നവരാണ്. കടകൾ വാടകയ്‌ക്കെടുത്താണ് ഭൂരിഭാഗം പേരും തൊഴിൽ ചെയ്യുന്നത്. വാടക പോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയാണ്. ക്ഷേത്രങ്ങൾ തുറക്കാതെ ഇവരുടെ ജീവിതം സാധാരണ നിലയിലാവില്ല. ക്ഷേത്രങ്ങൾക്ക് സമീപം ചന്ദനത്തിരി,​ കർപ്പൂരം,​ എണ്ണ തുടങ്ങിയവ വിറ്റ് ജീവിക്കുന്നവരുടെ അവസ്ഥയും സമാനമാണ്.


പന്തൽ, കാറ്ററിംഗ് മേഖല നിശ്ചലം


ലോക്ക് ഡൗണിൽ കല്യാണം,​ മരണാനന്തര ചടങ്ങുകൾ തുടങ്ങിയവയ്ക്ക് 20ൽ അധികം പേർ പങ്കെടുക്കാൻ പാടില്ലെന്നുവന്നതോടെ പന്തൽ, കാറ്ററിംഗ് മേഖല നിശ്ചലാവസ്ഥയിലാണ്. ആളില്ലാത്തതിനാൽ പന്തലിന്റെ ആവശ്യമില്ല. ചെറിയ ചടങ്ങാവുമ്പോൾ ലൈറ്റും പന്തലും ഭക്ഷണവും പേരിന് മാത്രമാകും. ഏകദേശം അരലക്ഷം പേരാണ് ഈ മേഖലയിൽ പണിയെടുക്കുന്നത്. പന്തൽ കെട്ടാനുള്ള തുണിയും വർണക്കടലാസുകളും അലങ്കാര വസ്തുക്കളുമെല്ലാം നശിച്ചു തുടങ്ങിയെന്ന് ഇവർ പറയുന്നു.

സമാന്തര വിദ്യാഭ്യാസ മേഖല

1. ആയിരങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ

2. നട്ടെല്ലൊടിച്ച് രണ്ടാം ഘട്ട കൊവിഡ് വ്യാപനം

3. ലോണെടുത്ത് തട്ടിക്കൂട്ടിയ സ്ഥാപനങ്ങൾ അടഞ്ഞു

4. പ്രവർത്തിക്കാൻ സർക്കാർ അനുമതിയില്ല

5. ജീവിതം സാധാരണ നിലയിലാകാൻ സമയമെടുക്കും

''

പന്തൽ, കാറ്ററിംഗ് മേഖല നിശ്ചലാവസ്ഥയിലായതോടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണം

സുകേശൻ, ചീരങ്കാവ്

പന്തൽ, കാറ്ററിംഗ് മേഖല

ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനമില്ലാതായതോടെ വരുമാനം നിലച്ചു. പൂക്കൾ വിറ്റും മാലകെട്ടിയും ജീവിക്കുന്ന ഞങ്ങൾ വലിയ പ്രതിസന്ധിയിലാണ്.

ശങ്കരാനന്ദൻ, കാവനാട്,​ കൊല്ലം