a
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ നൽകിയ മൊബൈൽ ഫോൺ വിദ്യാർത്ഥിക്ക് നൽകുന്നു

എഴുകോൺ : ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിളിച്ച വിദ്യാർത്ഥിക്ക് സഹായവുമായി കോൺഗ്രസ് പ്രവർത്തകർ. ഇരുമ്പനങ്ങാട് കല്ലുംകര വീട്ടിൽ ശ്യാം എന്ന പത്താം ക്ലാസ് വിദ്യാർത്ഥിക്കാണ് ചെന്നിത്തലയുടെ സഹായം ലഭിച്ചത്. ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ ശ്യാം രമേശ് ചെന്നിത്തലയെ നേരിട്ട് വിളിക്കുകയിരുന്നു. തുടർന്ന് രമേശ് ചെന്നിത്തല എഴുകോൺ യൂത്ത് കോൺഗ്രസ് നേതാവായ മഹേഷ് പാറയ്ക്കലിനെ വിളിച്ച് ഫോൺ ലഭ്യമാക്കാൻ നിർദ്ദേശം നൽകി. അത് അനുസരിച്ച് ഇന്നലെ രാവിലെ മഹേഷ് പാറക്കലിന്റെയും എഴുകോൺ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ബിനു.കെ.കോശിയുടെയും നേതൃത്വത്തിൽ പ്രവർത്തകർ വീട്ടിലെത്തി ശ്യാമിന് ഫോൺ കൈമാറി. ഇരുമ്പനങ്ങാട് വാർഡ് മെമ്പർ ടി.ആർ. ബിജു, അമ്പലത്തുകാല വാർഡ് മെമ്പർ ബിജു എബ്രഹാം, യൂത്ത് കോൺഗ്രസ് വാളണ്ടിയർ ഹിമേഷ് എന്നിവർ പങ്കെടുത്തു. തുടർന്ന് രമേശ് ചെന്നിത്തല ശ്യാമിനെ ഫോണിൽ വിളിച്ച് ആശംസകൾ നൽകി.