
കൊല്ലം: സൈക്കിളിൽ പത്ര വിതരണം നടത്തുന്നതിനിടെ കേരളകൗമുദി ഏജന്റിനെ പിന്നിൽ നിന്ന് വന്ന ബൈക്ക് ഇടിച്ചുവീഴ്ത്തി. മണ്ണാണിക്കുളം ഏജന്റായ മണക്കാട് ന്യൂനഗർ തൊടിയിൽ വീട്ടിൽ അശോക് കുമാറിന്റെ കൈയ്ക്ക് സാരമായി പരിക്കേറ്റു.
തിങ്കളാഴ്ച രാവിലെ 5.30 ഓടെ തട്ടാമല പറയത്ത് മുക്കിലായിരുന്നു അപകടം. ചാറ്റൽ മഴ പെയ്യുന്നതിനിടയിൽ അശോക് കുമാർ സൈക്കിളിൽ പത്രം ഇട്ടുവരവേ പിന്നിൽ നിന്ന് വന്ന ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം നിറുത്താതെ പോയി. റോഡിലേക്ക് തെറിച്ചുവീണ് കൈയ്ക്ക് മുറിവേറ്റു. നനഞ്ഞ പത്രക്കെട്ടുകൾ വാരിയെടുത്ത് അശോക് കുമാർ അതുവഴി വന്ന ഓട്ടോറിക്ഷയിൽ വീട്ടിലെത്തി.
മറ്റൊരു സൈക്കിളിൽ പത്ര വിതരണം പൂർത്തിയാക്കിയപ്പോൾ കൈയ്ക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടു. മയ്യനാടുള്ള സ്വകാര്യ ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ കൈയ്ക്ക് പൊട്ടലുള്ളതായി കണ്ടെത്തി.
ഇടിച്ചുവീഴ്ത്തിയ ബൈക്ക് കണ്ടെത്താൻ പ്രദേശവാസികൾ സ്ഥലത്തെ സി.സി ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.