കുളത്തൂപ്പുഴ: കൊവിഡിന്റെ പശ്ചാതലത്തിൽ സർക്കാരിന്റെ ബി കാറ്റഗറിയിൽ ഉൾപ്പെടുന്ന കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിൽ ഓട്ടോറിക്ഷ തൊഴിലാളികൾ സർവീസ് ആരംഭിച്ചതോടെ ഇവർക്കെതിരെ കുളത്തൂപ്പുഴ പൊലീസ് നടപടിയെടുത്തു. ഇതേ തുടർന്ന് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നൂറോളം ഓട്ടോറിക്ഷ തൊഴിലാളികൾ സംഘടിച്ചെത്തി പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ ഓട്ടോറിക്ഷ തൊഴിലാളികളെ ബി കാറ്റഗറിയിലെ നിയമങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുകയും ടി.പി.ആർ കുറയുന്ന മുറയ്ക്ക് ആവശ്യമായ ക്രമീകരണം ചെയ്യാമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി. അനിൽകുമാറും കുളത്തൂപ്പുഴ പൊലീസ് സബ് ഇൻസ്പെക്ടർ എസ്. എൽ. സുധീഷും അറിയിച്ചു. ഇതേ തുടർന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ പിരിഞ്ഞു പോയി. കൊവിഡ് നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കുളത്തൂപ്പുഴ പൊലീസ് സബ് ഇൻസ്പെക്ടർ അറിയിച്ചു.