കൊല്ലം: കൊവിഡിനെതിരായ പോരാട്ടത്തിൽ മയ്യനാടും പരിസര പ്രദേശങ്ങളിലും യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന യൂത്ത് കെയർ പ്രവർത്തനം ശ്രദ്ധേയമാകുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിന്റെ നേതൃത്വത്തിൽ യൂത്ത് കെയർ വോളണ്ടിയർമാർ ഉച്ചഭക്ഷണ വിതരണം മുതൽ മൃതദേഹങ്ങളുടെ സംസ്കാരം വരെ നടത്തുന്നുണ്ട്.
രണ്ടാം ലോക്ക്ഡൗൺ ആരംഭിച്ചതിന് ശേഷം ആയിരത്തിലധികം കുടുംബങ്ങൾക്കാണ് ഭക്ഷ്യക്കിറ്റ് നൽകിയത്. ഇരുന്നൂറിലധികം കൊവിഡ്ബാധിത വീടുകളിലും കടകളിലും അണുനശീകരണം നടത്തി. പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചനിൽ സഹായമെത്തിച്ചു. കൊവിഡ് ബാധിതർക്ക് ഫിസിഷ്യന്റെ സൗജന്യ സേവനവും ലഭ്യമാക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും പഞ്ചായത്തംഗവുമായ വിപിൻ വിക്രത്തിന്റെ നേതൃത്വത്തിൽ നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ ലഭ്യമാക്കിയിരുന്നു.
യൂത്ത് കെയറിന്റെ ആവശ്യത്തെ തുടർന്നാണ് മയ്യനാട് ഗവ. ആശുപത്രിയിലേക്ക് എൻ.കെ. പ്രേമചന്ദ്രൻ എം.പി കൊവിഡ് പ്രതിരോധ ഉപകരണങ്ങളെത്തിച്ചത്. വിപിൻ വിക്രം, ഷമീർ വലിയവിള, സുധീർ കൂട്ടുവിള, ബോബൻ പുല്ലിച്ചിറ, ബി.എസ്. ഉമേഷ്, വിപിൻ ജോസ്, ആരിഫ് കൊട്ടിയം, ഷഫീക്ക് എന്നിവരാണ് യൂത്ത് കെയറിന് നേതൃത്വം നൽകുന്നത്. യൂത്ത് കെയറിന്റെ ഹെൽപ്പ് ഡെസ്കിലേക്ക് വിളിക്കുന്നവരെ സഹായിക്കാൻ നൂറോളം വോളണ്ടിയർമാരാണ് സജ്ജരായി നിൽക്കുന്നത്.