കൊല്ലം: നെടുമ്പന ഗ്രാമ പഞ്ചായത്തിലെ വീടുകളിൽ തളർന്നു കിടക്കുന്ന രോഗികൾക്ക് നേരിട്ടെത്തി വാക്സിൻ നൽകുന്ന പദ്ധതിക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്ത് അംഗവും പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാനുമായ കെ. ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലാണ് പള്ളിമൺ 12-ാം വാർഡിലെ കിടപ്പിലായവർക്ക് വാക്സിൻ നൽകുന്ന പദ്ധതി ആരംഭിച്ചത്. നെടുമ്പന സി.എച്ച്.സിയിലെ ജെ.എച്ച്.ഐ മനോജ്, നഴ്സുമാരായ അജിത, ഷൈലാമോൾ, ആശാ വർക്കർ അശ്വനി, ആർ.ആർ.ടി അംഗങ്ങളായ സുനിത, ജിബിൻ ബാബു, ദിലീപ് എന്നിവരടങ്ങിയ സംഘമാണ് വാക്സിനേഷന് നേതൃത്വം നൽകുന്നത്. 45 വയസിന് മുകളിലുള്ളവരുടെ സമ്പൂർണ വാക്സിനേഷനാണ് ലക്ഷ്യം. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന 70 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകളെത്തിക്കുന്ന പ്രവർത്തനവും നടത്തുന്നുണ്ടെന്ന് ഗ്രാമ പഞ്ചായത്തംഗം കെ. ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.