കൊല്ലം: പത്തനാപുരം പാടത്ത് കശുമാവിൻ തോട്ടത്തിൽ കണ്ടെത്തിയ സ്‌ഫോടക വസ്തു ശേഖരവുമായി ബന്ധപ്പെട്ട് പൊലീസ് തെരച്ചിൽ ആരംഭിച്ചു. തോട്ടത്തിലും സമീപ വനമേഖലയിലും രണ്ടായി തിരിഞ്ഞാണ് തെരച്ചിൽ.
വനാതിർത്തിയിലെ നാട്ടുകാരിൽ നിന്നും ആദിവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം സംശയാസ്പദമായി കാണുന്നവ ചിത്രീകരിക്കുന്നുമുണ്ട്. തെളിവുകൾ വൈകാതെ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറും.
ഇതിനിടെ സംസ്ഥാന പൊലീസിനെ അറിയിക്കാതെ തമിഴ്നാട് ക്യൂബ്രാഞ്ചിലെ മൂന്ന് ഉദ്യോഗസ്ഥർ ഇന്നലെ വിവരങ്ങൾ ശേഖരിക്കാൻ എത്തിയിരുന്നു. തെന്മല, കുളത്തൂപ്പുഴ, ആര്യങ്കാവ്, പത്തനാപുരം, കൊല്ലം എന്നിവിടങ്ങളിൽ അന്വേഷണം നടത്തിയാണ് സംഘം മടങ്ങിയത്. ഞായറാഴ്ച ക്യൂബ്രാഞ്ചിലെ ഉയർന്ന ഉദ്യോഗസ്ഥർ എത്തിയേക്കുമെന്നാണ് സൂചന.
നായ്ക്കളെ വെട്ടി പരിശീലനം നടത്തിയതിനടുത്ത്
സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സ്ഥലത്തോട് ചേർന്ന് 14 വർഷം മുമ്പ് മുഖത്തും തലയ്ക്കും കഴുത്തിനും വെട്ടേറ്റ നിരവധി നായ്ക്കളെ കണ്ടെത്തിയിരുന്നു. ആയുധ പരിശീലനത്തിന്റെ ഭാഗമാണെന്ന സംശയം അന്നേ ഉയർന്നിരുന്നു. സംസ്ഥാന പൊലീസ് തെളിവുകളുടെ ആഭാവത്തിൽ അന്വേഷണം അവസാനിപ്പിച്ചിരുന്നു.
സംഭവം നടന്ന് മൂന്ന് മാസത്തിന് ശേഷം കരുനാഗപ്പള്ളിയിൽ നിന്ന് തീവ്രവാദ ബന്ധമുള്ള ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് കുളത്തൂപ്പുഴ, തെന്മല, പത്തനാപുരം മേഖലകളിൽ ബന്ധമുള്ളതായും കണ്ടെത്തിയിരുന്നു. ഇതിലും തുടരന്വേഷണം ഉണ്ടായില്ല. ഇക്കാര്യങ്ങളും കേന്ദ്ര ഏജൻസികൾ അന്വേഷിച്ചേക്കും.