dan
കനത്ത മഴയെ തുടർന്ന് തെന്മല പരപ്പാർ അണക്കെട്ടിൻെറ വൃഷ്ടി പ്രദേശത്ത് ജലനിരപ്പ് ക്രമാതീതമായി ഉയർന്നപ്പോൾ.

പുനലൂർ: കനത്ത മഴയെ തുടർന്ന് തെന്മല പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. വൃഷ്ടി പ്രദേശങ്ങളിലെ ഉൾവനങ്ങളിലും മറ്റും മഴ തുടരുന്നത് കണക്കിലെടുത്ത് നീരോഴുക്ക് ശക്തമാണ്. ഇതാണ് ജലനിരപ്പ് ക്രമാതീതമായി ഉയരാൻ മുഖ്യകാരണം. 115.82മീറ്റർ പൂർണ സംഭരണ ശേഷിയുളള അണക്കെട്ടിൽ 106.70 മീറ്റർ ജല നിരപ്പാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. മഴ തുടർച്ചയായി പെയ്താൽ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്ന് വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കേണ്ടി വരുമെന്ന് കല്ലട ഇറിഗേഷൻ അസി.എക്സിക്യൂട്ടീവ് എൻജിനീയർ ശിവശങ്കരൻ നായർ അറിയിച്ചു.

വൈദ്യുതി ഉത്പ്പാദനം

മുമ്പ് .............. 15 മെഗവാൾട്ട്

ഇപ്പോൾ ..........7.5 മെഗവാൾട്ട്

ലക്ഷങ്ങളുടെ നഷ്ടം

കഴിഞ്ഞ രണ്ട് മാസമായി മഴ പെയ്യുന്നത് കണക്കിലെടുത്ത് അണക്കെട്ടിന്റെ ഡിസ്‌പേഴ്സറി വാൽവുകൾ തുറന്ന് നേരത്തെ വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കുകയാണ്. ദിവസവും 15 മെഗവാൾട്ട് വൈദ്യുതി വീതം അണക്കെട്ടിൽ നിന്ന് ഉത്പ്പാദിപ്പിച്ചിരുന്നു. അണക്കെട്ടിനോട് ചേർന്ന പവർ ഹൗസിൽ രണ്ട് ജനറേറ്ററുകൾ ഉണ്ടായിരുന്നു.അതിൽ ഒരെണ്ണം തകരാറിലായിട്ട് രണ്ടര വർഷം പിന്നിടുകയാണ്. ഇതിൽ ഒരു ജനറേറ്റർ വഴി ഇപ്പോൾ 7.5മെഗാവാൾട്ട് വൈദ്യുതി മാത്രമാണ് ദിവസവും ഉത്പ്പാദിപ്പിക്കുന്നത്. വൈദ്യുതി ഉത്പ്പാദിപ്പിച്ച ശേഷമുള്ള വെള്ളം കല്ലടയാറ്റിലുടെ ഒഴുക്കുകയാണ്. നേരത്തെ രണ്ട് ജനറേറ്റർ ഉപയോഗിച്ച് വൈദ്യുതി ഉത്പ്പാദിപ്പിച്ച ശേഷമുള്ള വെള്ളവും കല്ലടയാറ്റിലേക്ക് ഒഴുക്കിയിരുന്നു. ഒരു ജനറേറ്ററിന്റെ പ്രവർത്തനം രണ്ടര വർഷമായി നിലച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. 24 മണിക്കൂറും വൈദ്യുതി ഉത്പ്പാദനം നടത്തിയാൽ ക്രമാതീതമായി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നതു തടയാൻ സാധിക്കും.

നടപടി ഇല്ല

ജനറേറ്റിന്റെ തകരാറ് പരിഹരിക്കാൻ അധികൃതർക്ക് ഇതുവരെ കഴിയാത്തതാണ് ലക്ഷങ്ങളുടെ നഷ്ടങ്ങൾക്ക് കാരണം .ഇതിനെതിരെ പ്രതിഷേധം വ്യാപകമായിട്ടും നടപടികൾ നീണ്ട് പോകുകയാണ്. കാലവർഷങ്ങളിലാണ് രണ്ട് ജനറേറ്ററുകൾ വഴി പൂർണ തോതിൽ വൈദ്യുതി ഉത്പ്പാദിപ്പിച്ചിരുന്നത്. എന്നാൽ രണ്ടര വർഷമായി ഇത് പകുതിയായി കുറഞ്ഞിരിക്കുകയാണ്. ഇനി സെപ്റ്റംബർ വരെ മഴ തുടരുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടൽ. കാല വർഷത്തിൽ അണക്കെട്ടിൽ ശേഖരിക്കുന്ന വെള്ളമാണ് വേനൽ കാല ജലവിതരണങ്ങൾക്കായി ഉപയോഗിക്കുന്നതും. എന്നാൽ അണക്കെട്ടിന്റെ പോക്ഷക നദികളായ ശെന്തുരുണി, കഴുതുരുട്ടി, കുളത്തൂപ്പുഴ തുടങ്ങിയവയെല്ലാം നിറഞ്ഞു ഒഴുകുകയാണ്.