photo
നഗരസഭ ചെയർമാൻ എ.ഷാജുവിന്റെ നേതൃത്വത്തിലുള്ള സംഘം കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രത്തിലെത്തിയപ്പോൾ

കൊല്ലം: കൊട്ടാരക്കരയിലെ സ്വകാര്യ ബസ് സ്റ്റാൻഡിന്റെ ശനിദശ മാറുന്നു. ഹൈടെക് ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നതിന് പദ്ധതി തയ്യാറായി. ആദ്യഘട്ടമെന്ന നിലയിൽ 50 ലക്ഷം രൂപയുടെ വികസന പദ്ധതികളാണ് നഗരസഭ നടപ്പാക്കുക. ബസ് സ്റ്റാൻഡിന് വേണ്ടിയുള്ള ഭൂമിയിലെ കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ച് മുഴുവൻ ഭൂമിയും വീണ്ടെടുത്തശേഷമാകും നിർമ്മാണം തുടങ്ങുക. പുലമൺ ജംഗ്ഷന് സമീപത്തായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെയും എം.സി റോഡിന്റെയും ഇടയിലായിട്ടാണ് നിലവിൽ ബസ് സ്റ്റാൻഡുള്ളത്.

ഇനി വികസനവഴിയിൽ

ലോക്ക് ഡൗണിന് മുൻപ് ദിവസം നൂറിൽപരം സ്വകാര്യ ബസുകളാണ് സ്റ്റാൻഡിൽ വന്നുകൊണ്ടിരുന്നത്. സദാസമയവും ബസുകൾ വന്നുപോകുന്ന സ്റ്റാൻഡിൽ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. എം.സി റോഡിൽ നിന്ന് സ്റ്റാൻഡിലേക്ക് ബസുകൾ പ്രവേശിക്കുന്ന ഭാഗം അടുത്തകാലംവരെയും പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായി കിടന്നിരുന്നതാണ്. സ്റ്റാൻഡിനുള്ളിലും വെള്ളക്കെട്ടും ദുരിതങ്ങളുമായിരുന്നു. അടുത്തകാലത്ത് അറ്റകുറ്റപ്പണികൾ നടത്തി ഇവയ്ക്ക് പരിഹാരമുണ്ടാക്കി. യാത്രക്കാർക്ക് ബസ് കാത്തുനിൽക്കാൻ വേണ്ടിയുള്ള കെട്ടിടം ഏത് നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. ബസ് ഒന്നിന് 20 രൂപവീതം നഗരസഭ ദിവസവും ഈടാക്കുന്നുണ്ടെങ്കിലും സ്റ്റാൻഡിന്റെ വികസന കാര്യത്തിൽ ഇത്രകാലവും മുഖംതിരിച്ച് നിന്നതാണ്. നഗരസഭ ചെയർമാനായി എ.ഷാജു വന്നതോടെയാണ് ബസ് സ്റ്റാൻഡിന്റെ വികസനവും അജണ്ടയിൽ ഉൾപ്പെടുത്തിയത്.

ഭൂമി അളന്ന് തിട്ടപ്പെടുത്തി

നഗരസഭ ചെയർമാൻ എ.ഷാജു, വൈസ് ചെയർപേഴ്സൺ അനിത ഗോപകുമാർ, സെക്രട്ടറി പ്രദീപ് കുമാർ, അസി.എൻജിനീയർ ജോസ് എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്വകാര്യ ബസ് സ്റ്റാൻഡ് സന്ദർശിച്ചു. അര കോടിരൂപയുടെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന്റെ മുന്നോടിയായി ഇവിടുത്തെ ഭൂമി അളന്ന് തിരിച്ചു. എസ്റ്റിമേറ്റ് തയ്യാറാക്കുന്ന നടപടികളും തുടങ്ങി.

സ്വകാര്യ ബസ് സ്റ്റാൻഡിന്റെ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാനുള്ള നടപടികൾ തുടങ്ങി. ഹൈടെക് വികസന പദ്ധതികൾ നടപ്പാക്കും. ആദ്യഘട്ടത്തിൽ 50 ലക്ഷം രൂപയുടെ വികസനമാണ് നടപ്പാക്കുക.

എ.ഷാജു, ചെയർമാൻ, നഗരസഭ