കരുനാഗപ്പള്ളി: ലോക്ക് ഡൗൺ പിൻവലിക്കുന്ന പശ്ചാത്തലത്തിൽ വായ്പ്പക്കാരിൽ നിന്ന് ഉടനടി പിരിവ് നടത്താൻ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളെ അനുവദിക്കരുതെന്ന് എ.എം.ആരിഫ് എം.പി. ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ കാലത്ത് ധാരാളം പേർക്ക് ജോലി നഷ്ടപ്പെടുകയോ വരുമാനം ഗണ്യമായി കുറയുകയോ ചെയ്തിട്ടുണ്ട്. പുതിയ വരുമാനമാർഗം കണ്ടെത്തുന്നതുവരെ പിരിവ് നിറുത്തി വെയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി മുഖ്യമന്ത്രിക്ക് കത്ത് നൽകി. മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് മനുഷ്യത്വ രഹിതമായ നടപടികൾ ഉണ്ടായാൽ സന്നദ്ധ സംഘടനകളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ഒരുമിച്ചു ചേർത്ത് പ്രതിരോധം തീർക്കുമെന്നും എം.പി. മുന്നറിയിപ്പ് നൽകി.