കൊട്ടാരക്കര: കൊട്ടാരക്കര അവണൂരിൽ വീട്ടിലെ ബാത്റൂമിൽ ചാരായംവാറ്റുന്നതിനിടെ രണ്ടുപേർ പിടിയിൽ. അവണൂർ ആലുവിള പടിഞ്ഞാറ്റതിൽ ഷാൻ(കുട്ടപ്പൻ-36), മുസ്ളീംസ്ട്രീറ്റ് ശാസ്താംമുകൾ പാലവിള വീട്ടിൽ രാജൻ(60) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഷാന്റെ വീട്ടിലായിരുന്നു ചാരായംവാറ്റ്. ഇവിടെനിന്ന് 13 ലിറ്റർ ചാരായവും 400 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ഗ്യാസ് സ്റ്റൗവിലായിരുന്നു ഇവർ ചാരായം വാറ്റിയത്. കരിംജീരകം,​ കറുകപ്പട്ട എന്നിവയടക്കം അങ്ങാടി മരുന്നുകൾ ചേർത്ത് വാറ്റുന്ന ചാരായം രണ്ടായിരം രൂപ മുതൽ മൂവായിരം രൂപവരെ വാങ്ങിയാണ് വില്പന നടത്തിയിരുന്നത്.