ചവറ: മടപ്പള്ളി, വട്ടത്തറ വാർഡുകളുടെ അതിർത്തി പങ്കിടുന്ന ചവറ ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള കോയിക്കൽ കുളത്തിന് സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. ഇത് സംബന്ധിച്ച് അധികൃതർക്ക് പലതവണ പരാതി നൽകിയും നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് പരിസരവാസികളുടെ ആക്ഷേപം. അറുപത് വർഷത്തിലേറെ പഴക്കമുള്ള ചവറ ഗ്രാമ പഞ്ചായത്തിലെ ഏറ്റവും വലിയ കുളമാണിത്. ശക്തമായ വേനൽക്കാലത്തും ഇവിടെ നീരുറവ വറ്റാറില്ല. മഴക്കാലത്ത് കുളം നിറഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകുന്നതുമൂലം കാൽ നടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും വലിയ ബുദ്ധിമുട്ടാണനുഭവിക്കുന്നത്.
സംരക്ഷണഭിത്തി നിർമ്മിക്കണം
വർഷങ്ങൾക്ക് മുൻപ് രണ്ട് തവണയായി രണ്ടുപേർ കുളത്തിൽ വീണ് മരിച്ചതോടെ റോഡു പണിയുമായി ബന്ധപ്പെടുത്തി കുളത്തിന്റെ വടക്ക് ഭാഗത്തെ ഭിത്തി ഉയർത്തിക്കെട്ടിയിരുന്നു. കുളത്തിന്റെ മൂന്നുവശത്ത് കൂടി ഭിത്തികെട്ടിയാൽ യാത്രക്കാർക്ക് പേടികൂടാതെ ഇതുവഴി സഞ്ചരിക്കാനാവും. കുളത്തിന്റെ അടിത്തട്ടിലെ ചെളി നീക്കം ചെയ്താൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മത്സ്യക്കൃഷിയും ആരംഭിക്കാം.
കുളം സംരക്ഷിക്കാൻ സംരക്ഷണഭിത്തി കെട്ടാനുള്ള നടപടി സ്വീകരിക്കും. കുളത്തിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ കാമറ സ്ഥാപിക്കും. കാവുകളും കുളങ്ങളും സംരക്ഷിക്കുകയെന്നതാണ് പഞ്ചായത്ത് ഭരണസമിതി യുടെ നിലപാട്.
എസ്. തുളസീധരൻ പിള്ള, ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
കുളത്തിന്റെ തെക്ക് വശത്തെ ഇടിഞ്ഞുതാഴുന്ന സംരക്ഷണഭിത്തി യാത്രക്കാർക്ക് അപകടഭീഷണിയാണ്. അധികൃതർ മുൻകൈയെടുത്ത് പ്രശ്നം പരിഹരിക്കണം
മടപ്പള്ളി അനിൽ, പൗരസമതി പ്രസിഡന്റ്