phot
ആധുനിക സൗകര്യങ്ങളോട് കൂടി പുനലൂർ ഗവ..താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച ഇൻറർഗ്രേറ്റ് ബ്ലഡ് അനലൈസർ യൂണിറ്റുകളുടെ പ്രവർത്തനോദ്ഘാടനം പിഎസ്.സുപാൽ എം.എൽ.എ നിർവഹിക്കുന്നു.

പുനലൂർ: ഗവ.താലൂക്ക് ആശുപത്രിയിൽ നിലവിലെ ‌ഡയലിസിസ് യൂണിറ്റിന് പുറമെ കൊവിഡ് രോഗികൾക്കായി പുതിയ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. കൊവിഡ് പോസിറ്റീവ്, ഹെപ്പറ്റൈറ്റീസ്- ബി, ഹെപ്പറ്റൈറ്റീസ്-സി, എച്ച്.ഐ.വി പോസിറ്റീവ് രോഗികൾക്കായാണ് പ്രത്യേകം തയ്യാറാക്കിയ ഡയാലിസിസ് യൂണിറ്റുകൾ ഇന്നലെ പ്രവർത്തനം ആരംഭിച്ചത്. ലാബിന്റെ ആധുനിക വത്കരണവുമായി ബന്ധപ്പെട്ട് രണ്ട് കോടി രൂപ ചെലവിൽ സ്ഥാപിച്ച പുതിയ രണ്ട് ഇന്റർഗ്രേറ്റഡ് ബ്ലഡ് അനലൈസർ യൂണിറ്റിന്റെ ഉദ്ഘാടനവും ഇന്നലെ നടന്നു. പി.എസ്.സുപാൽ എം.എൽ.എയാണ് എല്ലാ പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിച്ചത്. നഗരസഭ ചെയർപേഴ്സൺ നിമ്മിഎബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, മുൻ കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഡി.ദിനേശൻ, വസന്തരഞ്ചൻ, പി.എ.അനസ്, കൗൺസിലർമാരായ സതേഷ്, പ്രീയ പിള്ള താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ തുടങ്ങിയവർ പങ്കെടുത്തു.