കൊല്ലം: ഇരുവൃക്കകളും തകരാറിലായ റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്തെ പൊലീസുകാരന് സഹായവുമായി സഹപ്രവർത്തകർ. എറാണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വൃക്കമാറ്റിവയ്ക്കലിന് മുന്നോടിയായുള്ള ചികിത്സയിൽ കഴിയുന്ന അനീഷ് ബാബുവിന് കേരള പൊലീസ് അസോസിയേഷൻ, ഓഫീസേഴ്സ് അസോസിയേഷൻ സിറ്റി, റൂറൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 12,05,000 രൂപ സമാഹരിച്ച് നൽകി. ശക്തികുളങ്ങര സ്റ്റേഷനിൽ വച്ച് ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ, കമ്മിഷണർ ടി. നാരായണൻ എന്നിവർ ചേർന്ന് തുക അനീഷ് ബാബുവിന്റെ ബന്ധുക്കൾക്ക് കൈമാറി. ശക്തികുളങ്ങര ഐ.എസ്.എച്ച്.ഒ എൻ.ആർ. ജോസ്, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി എം.സി. പ്രശാന്തൻ, സംസ്ഥാന നിർവാഹക സമിതി അംഗം കെ. സുനി, കെ.പി.എ ജില്ലാ സെക്രട്ടറി ജിജു.സി.നായർ, സംഘടന ഭാരവാഹികളായ കെ. ഉദയൻ, എസ്. ഷഹീർ, ഹാഷിം, നെരൂദ, വിമൽ തുടങ്ങിയവർ പങ്കെടുത്തു. തുടർന്നും സാമ്പത്തിക സഹായം നൽകുമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു.