ചാത്തന്നൂർ: സ്റ്റുഡന്റ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം നടത്തിവരുന്ന ഒരു വയറൂട്ടാം വിശപ്പകറ്റാം പദ്ധതിയുടെ ഭാഗമായി പാരിപ്പള്ളി അമൃതയിലെ എസ്.പി.സിയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന ഉച്ചഭക്ഷണ വിതരണം സമാപിച്ചു. ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് പദ്ധതി അവസാനിപ്പിച്ചത്. തുടർച്ചയായി നാല്പത് ദിവസമാണ് അമൃതയിലെ കേഡറ്റുകൾ ഭക്ഷണപ്പൊതികൾ തയ്യാറാക്കിയത്. ശനി ഞായർ ദിവസങ്ങളിൽ രാത്രിയിലും ഭക്ഷണം വിതരണം ചെയ്തിരുന്നു. എസ്.പി.സി പൂർവ വിദ്യാർത്ഥികൾ, നിലവിലെ കേഡറ്റുകൾ, അദ്ധ്യാപകർ, പി.ടി.എ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ഭക്ഷണപ്പൊതി വിതരണം ചെയ്തത്. നൂറിൽ കൂടുതൽ ഭക്ഷണപ്പൊതികൾ തയ്യാറാക്കി നൽകിയ നിഹാൽ ഫയാസ്, ഇർഫാൻ, വിനായക്, ഉത്തര, വേദവ്യാസൻ തുടങ്ങിയവരെ സമാപനച്ചടങ്ങിൽ പാരിപ്പള്ളി എസ്.എച്ച്.ഒ ടി. സതികുമാറിന്റെ നേതൃത്വത്തിൽ ആദരിച്ചു. എസ്.ഐമാരായ സജു, അനീസ, പി.ടി.എ പ്രസിഡന്റ് ആർ. ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.എം. രാധകൃഷ്ണൻ, സി.പി.ഒ എ. സുഭാഷ് ബാബു, ഡി.ഐ രാജേഷ്, പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ദീപു, അബ്ദുൽ ഫൈസി തുടങ്ങിയവർ പങ്കെടുത്തു.