ചാത്തന്നൂർ: ആധാരമെഴുത്തോഫീസിലെ ഫയലുകൾ കത്തി നശിച്ച നിലയിൽ. ചാത്തന്നൂർ ചിറക്കരത്താഴം മുട്ടിയഴികത്ത് വീട്ടിൽ രോഹിണി രഞ്ചൻ, മകൾ രമ്യാ രഞ്ചൻ എന്നിവരുടെ ലൈസൻസിൽ ചാത്തന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് എതിർവശത്ത് പ്രവർത്തിച്ചിരുന്ന ആധാരമെഴുത്തോഫീസിലെ രേഖകളാണ് കത്തിനശിച്ചത്. ആധാരം എഴുതാനായി ഓഫീസിൽ സൂക്ഷിച്ചിരുന്ന പ്രമാണങ്ങളും ഉടമ്പടി രേഖകളും ഓഫീസ് ഉപകരണങ്ങളും ഫയലുകളും കത്തിപ്പോയെന്ന് ലൈസൻസികൾ പറഞ്ഞു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു മുതൽ ഒാഫീസ് അടഞ്ഞുകിടക്കുകയായിരുന്നു. ഇന്നലെ ഓഫീസ് തുറന്നപ്പോഴാണ് ഉൾഭാഗം കത്തിക്കരിഞ്ഞിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പരാതി ലഭിച്ചതിനെ തുടർന്ന് ചാത്തന്നൂർ പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.