അഞ്ചൽ: ബൈപ്പാസ് സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കുമെന്ന് പി.എസ്. സുപാൽ എം.എൽ.എ പറഞ്ഞു.
കേരള റോഡ് ഫണ്ട് ബോർഡ് നിർമ്മാണ ചുമതല ഏറ്റെടുത്തിട്ടുള്ള
അഞ്ചൽ ബൈപ്പാസ് നിർമ്മാണ പദ്ധതിയുടെ പ്രവർത്തനങ്ങളുടെ അവലോകനം അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. നിലവിലെ നിർമ്മാണ പ്രവർത്തനങ്ങളെ കുറിച്ച് എക്സിക്യൂട്ടീവ് എൻജിനീയർ റിപ്പോർട്ട് അവതരിപ്പിച്ചു. ബൈപ്പാസുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കൽ സർവേ നടപടികൾ കെ.എസ്.ഇ.ബി., വാട്ടർ അതോറിറ്റി എന്നിവയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട നടപടികൾ എന്നിവ അടിയന്തരമായി പൂർത്തിയാക്കാൻ ധാരണയായി. ആയൂർ-അഞ്ചൽ-അഗസ്ത്യക്കോട് റോഡ് നവീകരണ പ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കാനും തീരുമാനിച്ചു. നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ മാസവും അവലോകന യോഗം നടത്തും. നിർമ്മാണത്തിന് തടസങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കുന്നതിന് നടപടികൾ ഉണ്ടാകുമെന്നും എം.എൽ.എ. ഉറപ്പുനൽകി.
കുളത്തൂപ്പുഴ പഞ്ചായത്തിൽ 2017-18 വർഷത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 10കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുള്ള കുളത്തൂപ്പുഴ അമ്പലക്കടവ് പാലം നിർമ്മാണത്തിന്റെയും അവലോകനം ചേർന്നു. ഇതിന്റെയും നിർമ്മാണ ചുമതല റോഡ് ഫണ്ട് ബോർഡിനാണ് .
യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, റോഡ് ഫണ്ട് ബോർഡ് , ഫോറസ്റ്റ് തുടങ്ങിയ ഡിപ്പാർട്ടുമെന്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.ബൈപ്പാസ് നിർമ്മാണം നടക്കുന്ന സ്ഥലം എം.എൽ.എ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ചു.