കൊല്ലം: ജില്ലയിൽ കൂടുതൽ വെന്റിലേറ്റർ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നിവേദനം നൽകി. പ്രധാനമന്ത്രിക്ക് അയച്ച നിവേദനത്തിൽ പി.എം കെയർ ഫണ്ടിൽ നിന്ന് ജില്ലയ്ക്ക് അത്യാധുനികവും ഗുണമേന്മയുമുള്ള നൂറ് വെന്റിലേറ്ററുകൾ കൂടി സ്ഥാപിക്കാൻ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
ജില്ലയിൽ ഇപ്പോൾ ലഭ്യമായിട്ടുള്ള ആകെ വെന്റിലേറ്ററുകളുടെ എണ്ണം 153 ആണ്. ഇതിൽ പലതും പ്രവർത്തനരഹിതമാണ്. 21 വെന്റിലേറ്ററുകൾ വാങ്ങുന്നതിന് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് പണം അനുവദിച്ചിട്ടുണ്ട്. എന്നാൽ കൊവിഡ് മൂന്നാം തരംഗം നേരിടാനാവശ്യമായ ചികിത്സാ സൗകര്യം മുൻകൂട്ടി ഒരുക്കണം. കേരള സർക്കാർ വിഷയത്തിൽ അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.