gopakumar
ബി.ജെ.പി ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂരിൽ നടത്തിയ സത്യാഗ്രഹം ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ബി.ജെ.പി നേതാക്കളെ വേട്ടയാടുന്ന തരത്തിലുള്ള എൽ.ഡി.എഫ് - യു.ഡി.എഫ് ഒത്തുതീർപ്പുരാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ജില്ലാപ്രസിഡന്റ് ബി.ബി. ഗോപകുമാർ ആവശ്യപ്പെട്ടു. ബി.ജെ.പിക്കെതിരെയും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെയും കള്ളപ്രചാരണം നടത്തുകയാണെന്ന് ആരോപിച്ച് ചാത്തന്നൂർ നിയോജക മണ്ഡലം കോർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ ജംഗ്ഷനിൽ നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ബി.ജെ.പി മുന്നേറ്റത്തെ തടയാനാണ് ഇടത് - വലത് മുന്നണികൾ ഒത്തുചേർന്ന് അപവാദപ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. മണ്ഡലം പ്രസിഡന്റ്‌ എസ്. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പരവൂർ സുനിൽ, ജില്ലാ കമ്മിറ്റി അംഗം അനിൽ പൂയപ്പള്ളി, കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. സഹകരണ സെൽ ജില്ലാ കൺവീനർ എസ്.വി. അനിത്ത് കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അനിൽ പുത്തൻകുളം, അഡ്വ. നായർ സുരേഷ്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ വി.കെ. ആശാൻ, സുരേഷ് ചന്ദ്രൻപിള്ള, ട്രഷറർ ജി. പ്രദീപ്, മോർച്ച പ്രസിഡന്റുമാരായ ആർ. കൃഷ്ണരാജ്, സിന്ധു സുധീർ, ലിബു പൂയപ്പള്ളി എന്നിവർ പങ്കെടുത്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് ആർ. കൃഷ്ണരാജ്, ജനറൽ സെക്രട്ടറി ആദർശ് ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ യുവമോർച്ച പ്രകടനവും നടത്തി.