പരവൂർ: പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ട കുറുമണ്ടൽ സ്വദേശികളായ ദമ്പതികളുടെ വായ്പാ കുടിശിക അടച്ചുതീർത്ത് പരവൂർ എസ്.എൻ.വി.ആർ.സി ബാങ്കിന്റെ സഹായഹസ്തം. അപകടത്തിൽ മരിച്ച ബേബി, ഭാര്യ ഗിരിജ എന്നിവർ വസ്തു ഈടുവച്ച് ബാങ്കിൽ നിന്നെടുത്ത വായ്പയാണ് ബാങ്ക് അധികൃതർ അടച്ചുതീർത്തത്.

വിദ്യാർത്ഥികളായ ദമ്പതികളുടെ മക്കൾക്ക് വായ്പ അടച്ചുതീർക്കാൻ കഴിയാത്ത സാഹചര്യത്തിൽ ബാങ്കിന്റെ സഹകരണ റിസ്ക് ഫണ്ടിൽ നിന്ന് 1.25 ലക്ഷം രൂപ അനുവദിച്ചും ബാക്കി തുക ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് സമാഹരിച്ചുമാണ് വായ്പാ കുടിശിക തീർത്തത്. ബാങ്കിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് നെടുങ്ങോലം രഘു ദമ്പതികളുടെ മക്കൾക്ക് വസ്തുവിന്റെ ആധാരവും അനുബന്ധ രേഖകളും തിരികെ നൽകി. ബാങ്ക് സെക്രട്ടറിയും ഡെപ്യൂട്ടി രജിസ്ട്രാറുമായ മുത്തുണ്ണി പങ്കെടുത്തു.