c
ലോക്ക് ഡൗൺ ഇളവുകൾ അനുവദിച്ചതിനെ തുടർന്ന് കൊല്ലം ബൈപാസിൽലെവാഹനത്തിരക്ക്

സ്വകാര്യബസുകൾ സർവീസ് നടത്തിയത് നാമമാത്രം

കൊല്ലം: ലോക്ക് ഡൗൺ ഇളവുകൾ നിലവിൽവന്ന ദിവസം കാര്യമായ തിരക്കില്ലായിരുന്നെങ്കിലും ഇന്നലെ നഗരത്തിൽ അനുഭവപ്പെട്ടത് വൻതിരക്ക്. ഇന്നലെ ബാങ്കുകളും കൂടുതൽ വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ അനുമതി ലഭിച്ചതിനെ തുടർന്നാണ് ജനത്തിരക്ക് വർദ്ധിച്ചത്. ഗ്രാമ പ്രദേശങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ മിക്കതും സർവീസ് നടത്തിയില്ല. ലോക്ക് ഡൗണിൽ ഇളവുകൾ വന്നെങ്കിലും വാരാന്ത്യ ലോക്ക് ഡൗൺ നിയന്ത്രണമുള്ള ഇന്ന് നഗരം നിശ്ചലമാകും. ഇന്നും നാളെയും അവശ്യസർവീസുകൾക്ക് മാത്രമേ അനുമതിയുള്ളൂ.

ജി. ഫോം പൂട്ട് വിടാതെ സ്വകാര്യന്മാർ

ലോക്ക് ഡൗൺ നിയന്ത്രണം വന്നപ്പോൾ ജി. ഫോം നൽകി സർവീസ് നിറുത്തിവച്ച നഗരത്തിലെ സ്വകാര്യ ബസുകൾ ജി ഫോം വിടുതൽ നൽകാൻ തയ്യാറായിട്ടില്ല. ഒറ്റ, ഇരട്ട അക്ക നിയന്ത്രണത്തിലാണ് സർവീസ് നടത്താൻ അനുമതിയുള്ളതെങ്കിലും ഭൂരിഭാഗം ബസുകളും സർവീസ് നടത്താൻ തയ്യാറല്ല. നഗരത്തിലൂടെ സർവീസ് നടത്തുന്ന സിറ്റി, മൊഫ്യൂസൽ ബസുകളിൽ വിരലിലെണ്ണാവുന്നവ മാത്രമാണ് ഇന്നലെ നിരത്തിലിറങ്ങിയത്.

കാത്തുകിടന്നിട്ടും ചായക്കാശ് പോലും

കിട്ടാതെ ഒാട്ടോ ഡ്രൈവർമാർ

നഗരത്തിലെ സ്റ്റാൻഡുകളിൽ രാവിലെ മുതൽ നിരവധി ഓട്ടോറിക്ഷകൾ സ്ഥാനം പിടിച്ചെങ്കിലും കാര്യമായ ഓട്ടമൊന്നും ഇവർക്ക് ലഭിച്ചില്ല. വൈകിട്ടുവരെ കാത്തുകിടന്നിട്ടും ചായക്കാശ് പോലും കിട്ടിയില്ലെന്നാണ് നഗരത്തിലുള്ള ഒരു ഓട്ടോ ഡ്രൈവർ പറഞ്ഞത്. മിക്ക ഒാട്ടോ സ്റ്റാൻഡുകളിലെയും അവസ്ഥ സമാനമായിരുന്നു. ഏറ്റവും കൂടുതൽ ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി, അഞ്ചാലുംമൂട് സ്റ്റാൻഡുകളിൽ ഒാട്ടോകളുടെ നീണ്ടനിരയാണ് ദൃശ്യമായത്. ഇവരിൽ ചിലർ ഉച്ചയോടെ വീട്ടിലേക്ക് മടങ്ങിയ ശേഷം സർവീസ് നടത്താനായി തിരികെ സ്റ്റാൻഡുകളിലെത്തിയില്ല.