കൊല്ലം: അടുക്കളയിൽ സാമ്പാറിന് കായപ്പൊടി ചേർക്കുമ്പോഴാകും ഷീല ജഗധരന്റെ മനസിൽ കവിതാശകലം ഓടിയെത്തുക, അവിടെയെവിടെയെങ്കിലുമുള്ള തുണ്ടുപേപ്പറിലേക്ക് അതൊക്കെ കുത്തിക്കുറിച്ച് വയ്ക്കും. ജോലിത്തിരക്ക് കഴിഞ്ഞ് അതൊന്ന് വെട്ടിയും തിരുത്തിയുമെടുക്കുമ്പോൾ നല്ലാെരു കവിതയായി മാറിയിരിക്കും. കരുനാഗപ്പള്ളി തൊടിയൂർ മുളയ്ക്കവിളയിൽ ഉജ്ജയിനിയിൽ ഷീല ജഗധരന്റെ കവിതയെഴുത്ത് ഇങ്ങനെയൊക്കെയാണ്. കുട്ടിക്കാലത്തെ തുടങ്ങിയതാണ് കവിതയും കഥയുമെഴുത്ത്. ശാസ്താംകോട്ട ഡി.ബി.കോളേജിൽ ബിരുദപഠനം നടത്തിയപ്പോഴേക്കും ലേഖനങ്ങളുമെഴുതാൻ തുടങ്ങി. കോളേജ് മാഗസിനിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലുമൊക്കെ അന്ന് പലതും അച്ചടിച്ചുവന്നിട്ടുമുണ്ട്. വീട്ടിൽ ട്യൂഷനുവരുന്ന കുട്ടികൾക്ക് കവിതയും കഥയുമൊക്കെ ചൊല്ലിയും പറഞ്ഞും നൽകും. പഴയ കാർഷിക കുടുംബമായ മുളയ്ക്കവിളയിലെ അംഗമാണ് ഷീല. വീട്ടിലെ കാളവണ്ടിയുടെ കടകട ശബ്ദമായിരുന്നു കുട്ടിക്കാലത്തെ താളബോധമുണർത്തിയത്. പാടത്തെ നെന്മണി വിത്തുകളെനോക്കി എഴുതിയതൊക്കെ പണിക്കാർ ഏറ്റുപാടിയിട്ടുമുണ്ട്. വിത്തുവിതയ്ക്കുമ്പോഴും കൊയ്യുമ്പോഴുമൊക്കെ ആ പാട്ടുകളൊക്കെ ഹിറ്റാകും. മുറ്റത്തും തൊടിയിലും പൂക്കളോടും ശലഭങ്ങളോടും കിന്നാരം പറഞ്ഞുനടന്ന പാവാടക്കാരി ഇന്ന് മൂന്ന് പുസ്തകങ്ങളെഴുതിയ വലിയ എഴുത്തുകാരിയായത് നാട് അഭിമാനത്തോടെയാണ് നോക്കിക്കാണുന്നത്.
നവമാദ്ധ്യമങ്ങളിലൂടെ എഴുത്തിന് വലിയ സാദ്ധ്യത കൈവന്നതോടെ ദിവസവും ഒരു കവിതയെങ്കിലുമെഴുതുന്ന ശീലത്തിലേക്ക് ഷീലയും മാറി. സൗഹൃദത്തിന്റെയും സംവാദത്തിന്റെയും ആത്മാവിഷ്കാരത്തിന്റെയും വിശാലതയുള്ള ഇടങ്ങളിൽ ഷീലയുടെ അക്ഷരപച്ചപ്പിന്റെ സർഗാത്മകതയുടെ സൗന്ദര്യത്തിന് സ്വീകാര്യത കൈവന്നു.
പൊതുഇടങ്ങളിൽ നിറസാന്നിദ്ധ്യം
തൊടിയൂരിലെ പുലിയൂർവഞ്ചിയ്ക്ക് കിഴക്ക് വെങ്ങാട്ട് പാടത്ത്പതിറ്റാണ്ടുകൾക്ക് ശേഷം ഷീലയും കൂട്ടരും എള്ള് കൃഷി ചെയ്ത് നൂറുമേനി വിളവ് കൊയ്തിരുന്നു. രണ്ടര ഏക്കർ ഭൂമിയിൽ പച്ചക്കറിയും മറ്റ് നാനാവിധ കൃഷികളുമുണ്ട്. വീട്ടിൽ പശുവും ആടുമൊക്കെയുണ്ട്. പഞ്ചായത്തിലെ മികച്ച കർഷകയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പാടശേഖര സമിതിയുടെ ഭാരവാഹിയുമാണ്. കൃഷിക്കാര്യത്തിൽ മാത്രമല്ല ഈ മേൽക്കോയ്മ. സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെല്ലാം ഷീല ജഗധരൻ പരിചയപ്പെടുത്തൽ വേണ്ടാത്തയാളാണ്. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗം, വനിതാ സാഹിതി ജില്ലാ കമ്മിറ്റി അംഗം, കോൺഫെഡറേഷൻ ഓഫ് കൺസ്യൂമർ വിജിലൻസ് സെന്റർ സംസ്ഥാന സെക്രട്ടറി, ഓച്ചിറ ഫാർമേഴ്സ് എക്സ്റ്റൻഷൻ ഓർഗനൈസേഷൻ ട്രഷറർ, ദിശ സാംസ്കാരിക പഠനകേന്ദ്രം വൈസ് പ്രസിഡന്റ്, ഗ്രാംഷി സർഗചേതന, കാവ്യ കൗമുദി, മദ്യവിരുദ്ധ സമിതി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങി വിവിധ സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. 2018ൽ മഞ്ചാടിച്ചെപ്പ് എന്ന പേരിൽ ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. പിന്നീട് വർഷമേഘം പെയ്തൊഴിയുമ്പോൾ, ഡോൾഫിൻ എന്നീ കവിതാപുസ്തകങ്ങളുമിറക്കി. മൺചിരാത് എന്ന പേരിൽ ആൽബം സി.ഡിയുമിറക്കി. അടുത്ത കവിതാപുസ്തകം പണിപ്പുരയിലാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിനൊപ്പം പു.ക.സ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലാജാഥയിലും ഇപ്റ്റയുടെ കലാജാഥയിലും പ്രധാന ചുമതല നിർവഹിച്ചു. ഇപ്റ്റയ്ക്ക് വേണ്ടി പാട്ടുമെഴുതി. ഗ്രാമശ്രീ ബൊക്കെ നിർമ്മാണ യൂണിറ്റടക്കം പ്രദേശത്തെ വനിതൾക്ക് തൊഴിലിടങ്ങളൊരുക്കുന്നതിനുള്ള പരിശ്രമവും നടത്തിയിട്ടുണ്ട്. സാക്ഷരതാ മിഷനുവേണ്ടി മുൻപ് ക്ളാസെടുക്കാനും പോകുമായിരുന്നു. പച്ചപ്പിന്റെ കൂട്ടും അക്ഷരങ്ങളുടെ പിൻബലവുമായി സാംസ്കാരിക രംഗത്ത് നിറസാന്നിദ്ധ്യമാകുമ്പോഴും നല്ലൊരു കുടുംബിനിയുമാണ് ഷീല ജഗധരൻ. പ്രവാസിയായ ഭർത്താവ് ജഗധരനും മക്കൾ എൻജിനീയറിംഗ് വിദ്യാർത്ഥിയായ വിഷ്ണുനാരായണൻ ജെയിനും പ്ളസ് ടു വിദ്യാർത്ഥിയായ അദ്വൈത് നാരായണൻ ജെയിനും ഷീലയ്ക്ക് വലിയ പ്രോത്സാഹനം നൽകുന്നുണ്ട്. മക്കൾ കായിക പ്രതിഭകളുമാണ്.
കവിത
----------------
അടുക്കളക്കാരികൾ
---------------------------
ഉപ്പിനും മുളകിനും
കടുകിനും തിരക്കിട്ടോടും
തിരക്കുകാരികൾ
അറിയുമോ? ഇവരെ
അറിയാൻ ശ്രമിച്ചില്ല
അതു തന്നെ സത്യം
രുചിയായ് വെടിപ്പായി
അലക്കു കല്ലായി
മകളായി ഭാര്യയായ്
അമ്മയായ് മുത്തശ്ശിയായ്
തിരിക്കിട്ടോടുമ്പോഴും
തൊഴിൽ കോളങ്ങളിൽ
തൊഴിലില്ലാ പടയാളി
അറിയില്ല നിങ്ങൾക്കവളെ
അറിഞ്ഞാലും അറിയാത്ത
ഭാവത്തിൽ ചരിക്കണം
ഒരു നിമിഷത്തിലീ തൊഴിലാളി വീണുപോയാൽ
വീടിൻ്റെ താളങ്ങൾ
അപ്പാടെ തകരുന്നു
എങ്കിലും വീട്ടിലും
വികസന നയത്തിലും
അപ്പാടെ തഴയുന്ന
കാക്ക വിളക്കുകൾ
ഷീല ജഗധരൻ
തൊടിയൂർ